വധശ്രമം: ബി.ജെ.പി നിയുക്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്ക് തടവും പിഴയും
തലശ്ശേരി: നഗരസഭ മുന്‍ കൗണ്‍സിലറും സി.പി.എം പ്രവര്‍ത്തകനുമായ കോടിയേരി കൊമ്മല്‍ വയലിലെ പി. രാജേഷിനെയും കുടുംബത്തെയും വീടാക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി നഗരസഭയിലെ ബി.ജെ.പിയുടെ നിയുക്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ 10 പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 36 വര്‍ഷവും ആറുമാസവും തടവും 1,04,000 രൂപ വീതം പിഴയും. ശിക്ഷ 10 വര്‍ഷം കഠിനതടവായി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴസംഖ്യ പരിക്കേറ്റയാളുകൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസവും 25 ദിവസവും തടവ് അനുഭവിക്കണം.കൊമ്മല്‍വയല്‍ വാര്‍ഡിലെ ബി.ജെ.പി കൗണ്‍സിലര്‍ മൈലാട്ടില്‍ വീട്ടില്‍ പ്രശാന്ത് എന്ന ഉപ്പേട്ട പ്രശാന്ത് (50), ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ കൊമ്മല്‍വയലിലെ മഠത്തില്‍താഴെ രാധാകൃഷ്ണന്‍ (55), വയലളം ചെട്ടീന്റവിട പറമ്പില്‍ രാജശ്രീ ഭവനത്തില്‍ രാധാകൃഷ്ണന്‍ (53), കൊമ്മല്‍വയല്‍ മൈലാട്ടില്‍ വീട്ടിൽ പി.വി. സുരേഷ് (51), മൈലാട്ടില്‍ വീട്ടില്‍ എന്‍.സി. പ്രശോഭ് (41), ഉണ്ണി എന്ന ജിജേഷ് (43), മൂഴിക്കരയിലെ മുത്തു എന്ന കഴുങ്ങോറടിയില്‍ സുധീഷ് (43), കൊമ്മല്‍ വയല്‍ കടുമ്പേരി വീട്ടില്‍ പ്രജീഷ് എന്ന പ്രജൂട്ടി (46), മുളിയില്‍നട ഗോവിന്ദപുരത്തില്‍ ഒ.സി. രൂപേഷ് (49), മാടപീടിക പാഴ്സിക്കുന്നിലെ പാറയില്‍ മീത്തല്‍ മനോജ് (41) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ അസി. സെഷന്‍സ് കോടതി ജഡ്ജി എം. ശ്രുതി ശിക്ഷിച്ചത്.എട്ടാം പ്രതി മാടപ്പീടിക കാട്ടില്‍ വീട്ടില്‍ മനോജ് മരിച്ചിരുന്നു. ബി.ജെ.പി കൗണ്‍സിലര്‍ പ്രശാന്ത് 11ാം പ്രതിയാണ്. പ്രതി പ്രജീഷ് എന്ന പ്രജൂട്ടി ന്യൂമാഹിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയാണ്. 2007 ഡിസംബര്‍ 15ന് രാത്രി 11.45നാണ് കേസിനാധാരമായ സംഭവം. രാജേഷും കുടുംബവും താമസിക്കുന്ന വീട് ബോംബെറിഞ്ഞ് തകർത്ത് അതിക്രമിച്ചുകയറിയ സംഘം രാജേഷിനെയും സഹോദരന്‍ പി. രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രമതി എന്നിവരെയും ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊല്ലാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് മറ്റുരണ്ടുപേര്‍ക്കും പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ രാജേഷും സഹോദരന്‍ രഞ്ജിത്തും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചന്ദ്രമതി തലശ്ശേരി കോഓപറേറ്റിവ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. പാനൂര്‍ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പി.ബി. പ്രശോഭ്, പി.പി. ബാലൻ, കെ. വിനോദ്, വി.പി. സുരേന്ദ്രൻ എന്നിവരാണ് കേസന്വേഷിച്ചത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇൻസ്പെക്ടർ പി.കെ. സന്തോഷാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. പ്രകാശന്‍ ഹാജരായി.
