ആഗോള നിലവാരത്തിലുള്ള അത് ലറ്റിക് പരിശീലന ക്യാമ്പ് പേരാവൂരിൽ
പേരാവൂർ : പേരാവൂർ അത് ലറ്റിക്സ് അക്കാദമിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്കായി ആഗോള നിലവാരത്തിലുള്ള അത് ലറ്റിക് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 മുതൽ ജനുവരി ആറ് വരെ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് ക്യാമ്പ്. ഗുജറാത്ത് അഹമ്മദാബാദിൽ നിന്നുള്ള ജൂനിയർ ഇന്ത്യൻ അത് ലറ്റിക് കോച്ച് ജോ സെബാസ്റ്റ്യനാണ് പരിശീലകൻ. സ്പ്രിന്റ്, മിഡിൽ ഡിസ്റ്റൻസ്, എൻഡ്യൂറൻസ് ട്രെയിനിംഗ്, ടെക്നിക്കൽ ഡ്രിൽസ്, ഫിറ്റ്നസ് ഡെവലപ്പ്മെന്റ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിശീലന പരിപാടിയാണ് ക്യാമ്പിലുണ്ടാവുക. അക്കാദമിയിലെ സ്ഥിരാംഗങ്ങൾക്കും പുറത്തുള്ള വർക്കും ക്യാമ്പിൽ രജിസ്ട്രർ ചെയ്യാം. ഉയർന്ന നിലവാരത്തിലുള്ള മത്സരയോഗ്യരായ അത് ലറ്റുകളെ സമൂഹത്തിന് നൽകുക എന്നതാണ് പേരാവൂർ അത് ലറ്റിക്സ് അക്കാദമിയുടെ ലക്ഷ്യം. 2018-ൽ പ്രവർത്തനമാരംഭിച്ച അക്കാദമി പ്രദേശത്തെ കഴിവുള്ള നിരവധി കുട്ടികൾക്ക് മികച്ച പരിശീലനമാണ് നൽകി വരുന്നത്. അക്കാദമിയുടെ സമഗ്ര പരിശീലനത്തിലൂടെ സായ്, വിവിധ കോളജ് സ്പോർട്സ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്ക് കായിക താരങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ അക്കാദമി ഭാരവാഹികളായ പോൾ ജോസഫ്, സൈമൺ മേച്ചേരി, സിബി കൊച്ചുതാഴത്ത്, എം.റെജിൻ, ആൽബിൻ സാബു എന്നിവർ സംബന്ധിച്ചു. ഫോൺ: 9645892218.
