അയ്യപ്പഭക്തിഗാനത്തെ അവഹേളിച്ചു; പാരഡി ഗാനത്തിനെതിരെ തിരുവാഭരണ സംരക്ഷണ സമിതി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിനിറക്കിയ ‘പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായി മാറിയെ’ എന്ന പാരഡി ഗാനത്തിനെതിരെ പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്. അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നാണ് പരാതി. ‘പോറ്റിയെ കേറ്റിയെ’ എന്ന് തുടങ്ങുന്ന ഗാനം അംഗീകരിക്കാൻ കഴിയില്ലെന്നും പാരഡി ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കിയെന്നും ഭക്തരുടെ വിശ്വാസത്തെ ഇത് ചോദ്യം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. അതേസമയം സ്വർണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലും ഈ ഗാനം എംപിമാർ ആലപിച്ചിരുന്നു. ഈ പാട്ടിനെതിരെ സിപിഐഎം നേതാവും എംപിയുമായ എ എ റഹീം നേരത്തെ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിലുടനീളം എല്‍ഡിഎഫ് ക്ഷേമവും വികസനവും പറയാൻ ശ്രമിച്ചപ്പോള്‍ യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചത് വിശ്വാസമാണെന്നും അനൗണ്സ്മെന്റില് പോലും ശരണമന്ത്രം നിറയ്ക്കാനാണ് അവർ ശ്രമിച്ചതെന്നും റഹീം പറഞ്ഞിരുന്നു.
