തദ്ദേശ തിരഞ്ഞെടുപ്പ്
ബൂത്തുകൾ പ്രിസൈഡിംഗ് ഓഫീസറുടെ നിയന്ത്രണത്തിൽ
കണ്ണൂർ: വോട്ടെടുപ്പിനായി സജ്ജമാക്കിയ അതാത് പോളിംഗ് സ്റ്റേഷനുകളിലെ പരമാധികാരി പ്രിസൈഡിംഗ് ഓഫീസറാണ്. പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടവും, അതിന് ചുറ്റുവട്ടത്ത് 200 മീറ്റർ (മുനിസിപ്പാലിറ്റിയിൽ 100 മീറ്റർ) ദൂരപരിധിയിൽപ്പെടുന്ന പ്രദേശവും പ്രിസൈഡിംഗ് ഓഫീസറുടെ പൂർണ നിയന്ത്രണത്തിലായിരിക്കും. സ്വതന്ത്രവും, നീതിയുക്തവും, സുതാര്യവും, സുഗമവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ പോളിംഗ് ടീമിലുള്ള എല്ലാവരുടേയും സഹകരണം ഉറപ്പാക്കി ഒരു ടീമെന്ന നിലയിലാണ് ബൂത്തുകളിലെ പ്രവർത്തനം.
പോളിങ്ങിന് മുമ്പ് പോളിങ് സ്റ്റേഷൻ ഒരുക്കുക, വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക് പോൾ നടത്തുകയും വോട്ടിംഗ് മെഷീൻ മുദ്രവെയ്ക്കുകയും ചെയ്യുക, പോളിംഗ് സ്റ്റേഷനിൽ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പ്രിസൈഡിങ് ഓഫീസർ ഡയറിയിൽ (ഫോറം എൻ13) രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ അർഹതയുള്ള ആളുകളെ മാത്രം അനുവദിക്കുക, പോളിംഗ് സ്റ്റേഷനിലും പരിസരത്തും തിരഞ്ഞെടുപ്പ് നിയമങ്ങൾ നടപ്പിലാക്കുക, വോട്ടെടുപ്പിനിടയിൽ ഉണ്ടാകാവുന്ന സവിശേഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക, വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുകയും വോട്ടെടുപ്പ് അവസാനിപ്പിക്കുകയും ചെയ്യുക, വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (കൺട്രോൾ യൂണിറ്റ്) മുദ്രവെയ്ക്കുക. രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ പകർപ്പ് പോളിംഗ് ഏജന്റുമാർക്ക് നൽകുക, വോട്ടിംഗ് യന്ത്രങ്ങളും തിരഞ്ഞെടുപ്പ് രേഖകളും സുരക്ഷിതമായി സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പ്രധാന ചുമതലകൾ.
പോളിംഗ് ഓഫീസർമാർ
പോളിംഗ് ഓഫീസർമാരാണ് പ്രിസൈഡിംഗ് ഓഫീസർക്കൊപ്പം ബൂത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഒന്നാം പോളിംഗ് ഓഫീസർ സമ്മതിദായകന്റെ പേര് വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. അതിനുശേഷം വോട്ടറുടെ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വോട്ടറുടെ പേരും ക്രമനമ്പറും മറ്റു പോളിംഗ് ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാർക്കും കേൾക്കാനാകുന്ന വിധം ഉറക്കെ വായിക്കും. വോട്ടറെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിലെ അയാളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള കോളത്തിൽ അടയാളം രേഖപ്പെടുത്തും.
തുടർന്ന് രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ക്രമ നമ്പർ വോട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്ന് വോട്ടറുടെ ഇടത് ചൂണ്ടുവിരലിൽ മായാത്ത മഷി പുരട്ടും. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് ഒരു വോട്ടേഴ്‌സ് സ്ലിപ്പ് തയ്യാറാക്കി വോട്ടർക്ക് നൽകും. അതിനുശേഷം മൂന്നാം പോളിംഗ് ഓഫീസർ വോട്ടറുടെ വിരലിൽ മായാത്ത മഷി അടയാളം വ്യക്തമായിട്ടുണ്ടോ എന്ന് പരിശോധിക്കും. തുടർന്ന് വോട്ടറുടെ പക്കൽ നിന്ന് വോട്ടേഴ്‌സ് സ്ലിപ്പ് വാങ്ങി വോട്ടറെ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടിംഗ് കമ്പാർട്ടുമെന്റിലേക്ക് പോകാൻ അനുവദിക്കും, ഇതിനായി അദ്ദേഹം കൺട്രോൾ യൂണിറ്റിന്റെ ‘ബാലറ്റ്’ ബട്ടൺ അമർത്തും. വോട്ട് രജിസ്റ്ററിൽ (ഫോം 21എ) രേഖപ്പെടുത്തിയിരിക്കുന്ന അതേ ക്രമത്തിൽ തന്നെ വോട്ടറെ വോട്ടുചെയ്യാൻ അനുവദിക്കും. തുടർന്ന് വോട്ടർ തന്റെ വോട്ട് രേഖപ്പെടുത്തുകയും ബീപ്പ് ശബ്ദം നിലച്ചാൽ ഉടൻ തന്നെ കമ്പാർട്ടുമെന്റ്റിൽ നിന്ന് പുറത്തുപോകുകയും ചെയ്യുന്നു.
പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുവാൻ അർഹതയുള്ളത് ആർക്കൊക്കെ
പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുവാൻ അർഹതയുള്ള ആളുകൾ ഇവരാണ്. പോളിംഗ് ടീമിനും അർഹതയുള്ള സമ്മതിദായകർക്കും പുറമേ സ്ഥാനാർഥിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും ഒരു സമയം സ്ഥാനാർഥിയുടെ ഒരു പോളിംഗ് ഏജന്റും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ആളുകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ. കമ്മീഷൻ നിയമിക്കുന്ന നിരീക്ഷകർ. സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്. പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്ത അന്ധനെയോ അവശനെയോ അനുധാവനം ചെയ്യാൻ അനുവദിക്കപ്പെടുന്ന ഒരു വ്യക്തി. സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിൽ മറ്റു വിധത്തിൽ സഹായിക്കുന്നതിനോ അതതുസമയം പ്രിസൈഡിംഗ് ഓഫീസർ പ്രവേശിപ്പിക്കുന്ന മറ്റ് ആളുകൾ.
