വാക്കറൂ പേരാവൂർ മാരത്തൺ ഡിസംബർ 27ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
പേരാവൂർ: ഡിസംബർ 27ന് നടക്കുന്ന വാക്കറു പേരാവൂർ മാരത്തണിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ പേരാവൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 7300 -ഓളം രജിസ്‌ട്രേഷൻ നടന്നിട്ടുണ്ട്. ഡിസംബർ 10 വരെ രജിസ്‌ട്രേഷൻ തുടരും. 25,26 തീയതികളിൽ സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 2017 മുതൽ നടക്കുന്ന ഈ മാരത്തൺ കേരളത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്ത സ്‌പോർട്‌സ് ഇവന്റാണ്. വാക്കറു ഗ്രൂപ്പ് ടൈറ്റിൽ സ്‌പോൺസറും ഗുഡ് എർത്ത് ബെംഗളൂരു കോ-സ്‌പോൺസറുമാണ്. മെഗാ ഇവന്റിന്റെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ്. ‘സെ നോ ടു ഡ്രഗ്‌സ്,ഹെൽത്തി ലൈഫ് സ്റ്റൈൽ’ എന്ന സന്ദേശത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഈ വർഷം7500ലധികം ഓട്ടക്കാർ പങ്കെടുക്കും. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ പങ്കാളിത്തമാണ്. ഓപ്പൺ വിഭാഗത്തിൽ 15,000, 10,000, 5,000 രൂപയും 18 വയസിന് താഴെയും 50 വയസിന് മുകളിലുമുളള വിഭാഗങ്ങളിൽ 5,000, 3,000, 2,000 രൂപയും സമ്മാനമായി നൽകും. എല്ലാ ഓട്ടക്കാർക്കും ഫിനിഷർ മെഡൽ ലഭിക്കും.ഓട്ടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ യൂണിറ്റുകൾ, ഹൈഡ്രേഷൻ പോയിന്റുകൾ, മാർഷൽ ടീമുകൾ, ട്രാഫിക് മാനേജ്‌മെന്റ് എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജ്, ഭാരവാഹികളായ ഡെന്നി ജോസഫ്, ടോമി താഴത്തുവീട്ടിൽ, എ.പി.സുജീഷ്, അനൂപ് നാരായണൻ എന്നിവർപങ്കെടുത്തു.
