പേരാവൂരിന്റെ കാവൽക്കാരന് അന്ത്യാഞ്ജലി
പേരാവൂർ: കഴിഞ്ഞ 30 വർഷങ്ങളായി ടൗണിന്റെ രാത്രി കാവൽക്കാരനായിരുന്ന നേപ്പാൾ സ്വദേശി ടെക് ബഹാദൂർ ബരിയക്ക് പേരാവൂരിലെ വ്യാപാരികളൂം വിവിധ മേഖലകളിലെ തൊഴിലാളികളും ചേർന്ന് അന്ത്യാഞ്ജലി നല്കി. ടൗണിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ വ്യാപാരി സംഘടനകൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ-ടാക്‌സി തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ റീത്ത് സമർപ്പിച്ചു.
വൈകിട്ട് നടന്ന സർവകക്ഷി അനുസ്മരണത്തിൽ പി.പുരുഷോത്തമൻ അധ്യക്ഷനായി. പി.വി.ദിനേശ്ബാബു, ഷിനോജ് നരിതൂക്കിൽ, ഷബി നന്ത്യത്ത്, കെ.എം.ബഷീർ, വി.കെ.വിനേശൻ, ജൂബിലി ചാക്കോ, അഷറഫ് ചെവിടിക്കുന്ന്, എൻ.രാജേഷ്, സിറാജ് പൂക്കോത്ത് എന്നിവർ സംസാരിച്ചു.
1995-ൽ പേരാവൂരിലെത്തിയ ടെക്ക് ബഹാദൂർ നീണ്ട മുപ്പത് വർഷങ്ങളായി പേരാവൂർ ടൗണിന്റെയും സമീപ പ്രദേശങ്ങളിലെ വീടുകളുടെയും രാത്രി കാവൽക്കാരനായിരുന്നു. പകൽ സമയങ്ങളിൽ മീൻകടയിൽ ജോലിയും ചെയ്യുമായിരുന്നു. കുടുംബസമേതം പേരാവൂരിൽ തന്നെയായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്താൽ അന്തരിച്ച ബഹാദൂറിന്റെ മൃതദേഹം നേപ്പാളിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം ബുധനാഴ്ച വൈകിട്ടൊടെ തില്ലങ്കേരിയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
