കണ്ണൂരിനെ മാറ്റും, ഹൈടെക്കാക്കും
കണ്ണൂർ: കണ്ണൂരിനെ ഹൈടെക് നഗരമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ അവതരിപ്പിച്ച് എൽഡിഎഫ്. അത്യാധുനിക ബസ് ടെർമിനലും റോഡ് സൗന്ദര്യവൽക്കരണവും കണ്ണൂരിന്റെ മുഖം മാറ്റുന്ന സ്റ്റേഡിയവുമുൾപ്പെടെ ദൂരക്കാഴ്ചയോടെയുള്ള നഗരാസൂത്രണമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. ആധുനിക നഗരത്തിന്റെ ഡിജിറ്റൽ വീഡിയോ അഴീക്കോടൻ മന്ദിരത്തിലെ എ കെ ജി ഹാളിൽ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. പുതിയ കാലം, പുതിയ അനുഭവം എൽഡിഎഫ് പ്രകടനപത്രികയിൽ മുന്നോട്ടുവച്ച വികസന പദ്ധതികളുടെ ദൃശ്യാവിഷ്കാരമാണ് തയ്യാറാക്കിയത്. നഗരത്തിലെത്തുന്നവർക്ക് പുതിയ അനുഭവം സമ്മാനിക്കാനാകുന്ന ആസൂത്രിത നഗരമെന്ന കാഴ്ചപ്പാടാണ് എൽഡിഎഫ് വികസനത്തിന് മുന്നോട്ടുവച്ചത്. നാശോന്മുഖമായ പഴയ ബസ്സ്റ്റാൻഡ് ആധുനികരീതിയിൽ വാർത്തെടുക്കാനുള്ളതാണ് പ്രധാനപ്പെട്ടത്. അണ്ടർഗ്രൗണ്ട് പാർക്കിങ്ങും മൾട്ടിലെയർ ബിസിനസ് കോംപ്ലക്സുമൊക്കെ ഉൾപ്പെടുത്തിയ ബസ് ടെർമിനലിലേക്ക് സ്റ്റേഡിയത്തിൽനിന്നടക്കം പ്രവേശനം വിഭാവനം ചെയ്യുന്നു. കാലപ്പഴക്കംമൂലം വലിയ ഭാഗം ഉപേക്ഷിക്കപ്പെട്ട സ്റ്റേഡിയത്തെ കേരളത്തിലെ ഏറ്റവും മികച്ചതാക്കാനുള്ളതാണ് മറ്റൊരു പദ്ധതി. എസ്കലേറ്ററും ലിഫ്റ്റും മികച്ച സ്റ്റേഡിയവും ഉൾപ്പെടുന്ന പദ്ധതിയിൽ നിലവിലുള്ള കച്ചവടക്കാരെ മികച്ച സൗകര്യങ്ങളോടെ പുനരധിവസിപ്പിക്കും. മാർക്കറ്റിൽ നിലവിലൊരു കെട്ടിടം കോർപറേഷൻ പണിതത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾക്കുപകരം ദൂരക്കാഴ്ചയോടെയുള്ള പദ്ധതി നടപ്പാക്കും. ന്യൂജൻ മാർക്കറ്റ് ലക്ഷ്യം ശ്വാസംമുട്ടുന്ന മാർക്കറ്റിനെ ആധുനികരീതിയിൽ മാറ്റിപ്പണിയുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മുഴുവൻ കച്ചവടക്കാർക്കും മികച്ച സൗകര്യമൊരുക്കി പുതുതലമുറയെക്കൂടി ആകർഷിക്കുന്ന തരത്തിലാണ് മാർക്കറ്റിനെ വാർത്തെടുക്കുക. ഇവിടേക്കുള്ള റോഡുകളും മാലിന്യനിർമാർജന സൗകര്യങ്ങളും ആധുനിക നഗരത്തിന്റെ തരത്തിലേക്ക് ഉയർത്തും. പയ്യാന്പലമാണ് കണ്ണൂരിന്റെ എക്കാലത്തെയും വലിയ പ്രശ്നം. പയ്യാന്പലത്തെ അതിന്റെ എല്ലാ സൗന്ദര്യവും നിലനിർത്തി പരിപാലിക്കുന്നതിനൊപ്പം പുതിയ മുഖം സമ്മാനിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നു. ഹൈടെക് റോഡുകളും നടപ്പാതകളും സൈക്കിൾ പാത്തുകളും വിളക്കുകാലുകളും ഹരിതമേൽക്കൂരകളും പയ്യാന്പലത്തിന് പുതുമോടിയേകും. ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ശ്മശാനവും പയ്യാന്പലത്ത് ഉറപ്പാക്കും. വരും ആകാശപ്പാതകൾ മേലെചൊവ്വയിലും കാൽടെക്സിലും വരുന്ന ഫ്ലൈഓവറുകൾ നഗരത്തിലേക്കുള്ള പ്രവേശനം അനായാസമാക്കും. ഇതിനോടനുബന്ധിച്ചുള്ളതും താവക്കരയിലേതുമുൾപ്പെടെയുള്ള റോഡുകളും നടപ്പാതകളും മികച്ച രീതിയിൽ മാറ്റിയെടുക്കും. മാലിന്യപ്രശ്നത്തിൽ ചേലോറയിലും മഞ്ചപ്പാലത്തും നിലവിലുള്ള നാണക്കേട് മാറ്റാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കും. കളിസ്ഥലങ്ങളും പാർക്കുകളും ഉൾപ്പെടെ ഒരുക്കിയാണ് ഇൗ പ്രദേശങ്ങളെ മാറ്റിയെടുക്കുക. കോർപറേഷൻ കെട്ടിടം പൂർത്തിയാക്കുന്നതിനൊപ്പം ടൗൺഹാളും ഒരുക്കും. എൽഡിഎഫ് മുന്നോട്ടുവച്ച നൂറോളം പദ്ധതികളാണ് കോർപറേഷൻ ഭരണത്തിലെത്തിയാൽ പ്രാവർത്തികമാക്കുക. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ, കെ വി സുമേഷ്, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷണൽ, സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖർ തുടങ്ങിയവർ എത്തിയിരുന്നു. വിവിധ മേഖലകളിൽ ആശയങ്ങളും അവർ പങ്കുവച്ചു.
