പോത്തിന്റെ ജഡം കൃഷിയിടത്തില്‍; പുലി പിടിച്ചതെന്ന് വനം വകുപ്പ്
കൊട്ടിയൂര്‍: പൊയ്യമലയില്‍ പാതി തിന്നനിലയില്‍ പോത്തിന്റെ ജഡം കണ്ടെത്തി. പോത്തിനെ പുലി പിടിച്ചതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.ജോര്‍ജ് കുരിശിങ്കല്‍, തങ്കച്ചന് എഴുമൈല്‍ എന്നിവരുടെ ആറ് പോത്തുകളില്‍ ഒന്നിനെയാണ് പുലി പിടിച്ചത്. ജനങ്ങള്‍ ആശങ്കയിലാണെന്നും കര്ഷകന് നഷ്ടപരിഹാരത്തുക നല്കാൻ ഇടപെടല്‍ നടത്തുമെന്നും സ്ഥലം സന്ദര്‍ശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി കെ സനോജ് പറഞ്ഞു. പുലിയെ കൂടുവച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടു. എം രാജന്, ടി വിജയന്, കെ സുനീന്ദ്രന്‍, സീല്‍സ് വര്‍ഗീസ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് കൊട്ടിയൂര്‍ പഞ്ചായത്തിലെ മാടത്തുംകാവില് റബര്‍ ടാപ്പിങ്ങിനുപോയ കര്ഷകന് പുലിയെ കണ്ടതായി അറിയിച്ചത്. അടുത്തടുത്ത ദിവസങ്ങളില്‍ കൊട്ടിയൂരിന്റെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടതും പോത്തിനെ കൊന്നതും ജനങ്ങളില്‍ കടുത്ത ഭയത്തിനും ആശങ്കയ്ക്കും കാരണമായി. ഈ മേഖലയില്‍ റബര്‍ ടാപ്പിങ് നടത്തുന്ന കര്‍ഷകര്‍ വലിയപ്രതിസന്ധിയിലാണ്. വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പേരാവൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
