ചാറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇനി ആക്ടീവ് സിം കാര്‍ഡ് ഫോണില്‍ നിര്‍ബന്ധം

Share our post

തിരുവനന്തപുരം:ചാറ്റ് ആപ്പുകളുടെ ഉപയോഗത്തില്‍ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മെറ്റയ്ക്കും ടെലിഗ്രാമിനുമടക്കം ഈ നിര്‍ദേശം കേന്ദ്ര ടെലികോം മന്ത്രാലയം നല്‍കി. ഇതോടെ, ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡില്ലാത്ത ഫോണില്‍ ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കില്ല. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മെസേജിംഗ് ആപ്പുകള്‍ക്ക് കടുത്ത നിയന്ത്രണം

ആപ്പുകള്‍ വഴിയുള്ള ആശയവിനിമയ സേവനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. വാട്സ്ആപ്പ്, സിഗ്നല്‍, ടെലിഗ്രാം, അറട്ടൈ, ഷെയര്‍ചാറ്റ്, സ്നാപ്ചാറ്റ്, ജിയോചാറ്റ്, ജോഷ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ ഇനി ആക്ടീവ് സിം കാര്‍ഡില്ലാതെ പ്രവര്‍ത്തിക്കില്ല. നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് 120 ദിവസങ്ങള്‍ക്കുള്ളില്‍ അവ നടപ്പിലാക്കിയതായി ടെലികോം ആപ്പുകള്‍ ടെലികോം മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് 2023-ലെ ടെലികമ്മ്യൂണിക്കേഷന്‍ ആക്ട്, ടെലികോം സൈബര്‍ സുരക്ഷാ നിയമങ്ങള്‍, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടിവരും.

ഉപയോക്താക്കളുടെ ഐഡന്റിഫിക്കേഷന്‍ ഉറപ്പിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്ന ചില ആശയവിനിമയ ആപ്പുകള്‍ മൊബൈലുകളില്‍ സിം കാര്‍ഡില്ലാതെ തന്നെ സേവനം ലഭ്യമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം പറയുന്നു. ഇത് ടെലികോം രംഗത്തെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതായാണ് നിഗമനം. ഈ പിഴവ് വിദേശത്ത് നിന്നുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!