വിവാഹവാർഷികത്തിന് ദമ്പതിമാരുടെ സമ്മാനം; നാടിനൊരു ഉദ്യാനം

Share our post

നീലേശ്വരം: മാലിന്യം മൂടിയ ഇടം പൂന്തോട്ടമാക്കി ദമ്പതിമാർ. നീലേശ്വരം മാർക്കറ്റ് ജങ്ഷനും കരുവാച്ചേരിക്കും ഇടയിൽ രാമരം റോഡിലാണ് മാലിന്യം കുന്നുകൂടിയ ഇടം ദമ്പതിമാർ ഉദ്യാനമാക്കി മാറ്റിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന ആശയം മുൻനിർത്തി കരുവാച്ചേരി നന്ദനത്തിലെ നിഷ-സുനിൽ ദമ്പതിമാരാണ് 25-ാം വിവാഹവാർഷികത്തിൽ ഉദ്യാനമൊരുക്കുന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥനാണ് പി. സുനിൽകുമാർ. നിഷ കൊടക്കാട് കേളപ്പജി ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയും. ഉദ്യാനത്തിൽ ഓപ്പൺ ലൈബ്രറി, ഇരിപ്പിടങ്ങൾ, പക്ഷിമൃഗാദികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യം, സൗരോർജവിളക്കുകൾ, ജലശുദ്ധീകരണി എന്നിവ സ്‌ഥാപിക്കുന്നുണ്ട്. ഓപ്പൺ ജിം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഉദ്യാനമെന്ന ആശയം മാതാപിതാക്കൾ മുന്നോട്ടുവെച്ചപ്പോൾ മക്കളായ നന്ദ കൃഷ്ണയും ഗൗതം കൃഷ്ണയും പൂർണ പിന്തുണ നൽകി. ഓപ്പൺ ലൈബ്രറിയുടെ മേൽനോട്ടം നന്ദ കൃഷ്ണ ഏറ്റെടുക്കുകയും ചെയ്തു. കാർഷിക കോളേജിന്റെ കീഴിലുള്ള ഇൻസ്ട്രക്ഷണൽ ഫാം രണ്ടിന്റെ മതിൽ നാല് മീറ്റർ അധികമായി ഇവിടെ കയറ്റിക്കെട്ടിയിരുന്നു. അനധികൃതമായി റോഡിലേക്ക് തള്ളിനിന്ന മതിലും കാടും മാലിന്യവും നാട്ടുകാർക്ക് വലിയ ദുരിതമാണുണ്ടാക്കിയിരുന്നത്. ഈ മതിൽ പൊളിച്ചുനീക്കാൻ രജിസ്ട്ര‌ാർക്ക് പരാതി നൽകുകയും താലൂക്ക് സർവേയർ അളന്നുതിട്ടപ്പെടുത്തി പൊളിച്ചുനീക്കുകയും ചെയ്തു. തുടർന്ന് ചെത്തുകല്ലുകൾ ഉപയോഗിച്ച് മതിൽ കെട്ടി തേച്ചുമിനുക്കി പെയിന്റ് ചെയ്തു. നീലേശ്വരത്തെ പ്രവാസി വിജയൻ നമ്പ്യാർ ഇതിനുള്ള സാമ്പത്തികസഹായവും നൽകി. അഞ്ച് മീറ്റർ വീതിയുള്ള ലിങ്ക് റോഡ് ഏഴ് മീറ്റർ വീതിയിൽ രണ്ടു സൈഡിലും കോൺക്രീറ്റ് ചെയ്ത് ബാക്കിയുള്ള നാല് സെന്റ് സ്‌ഥലത്താണ് ഉദ്യാനം നിർമിച്ചത്. വിവാഹവാർഷിക ദിനമായ ഡിസംബർ മൂന്നിന് ഉദ്യാനം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!