ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കു മെട്രോ: മാർക്കിങ് തുടങ്ങി
അങ്കമാലി : ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കു മെട്രോ സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാർക്കിങ് തുടങ്ങി. മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ തയാറാക്കുന്നതിന്റെ ഭാഗമായി അങ്കമാലി പഴയ പൊലീസ് ക്വാർട്ടേഴ്സിനു സമീപം ദേശീയപാതയോരത്താണ് മാർക്കിങ് നടത്തിയത്. ഹരിയാന ആസ്ഥാനമായുള്ള കമ്പനിയാണ് മാർക്കിങ് നടത്തുന്നത്. വിശദ പദ്ധതിരേഖ 6 മാസത്തിനുള്ളിൽ തയാറാക്കാനാണു ലക്ഷ്യമിടുന്നത്.
കൊച്ചി മെട്രോയുടെ വരവ് കാത്ത് അങ്കമാലി
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമെന്ന നിലയിൽ അങ്കമാലിയിലേക്കു നീട്ടുന്നത്. 18 കിലോമീറ്റർ നീളമുള്ള പാതയാണ് ലക്ഷ്യമിടുന്നത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള 3 കിലോമീറ്ററിലേറെ ദൂരം ഭൂഗർഭ പാതയാണ് വിഭാവനം ചെയ്യുന്നത്.കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലേക്ക് മെട്രോ നീട്ടുകയാണെങ്കിൽ ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പുണ്ടാകും.
അങ്കമാലി മേഖലയിൽ നിന്നു പ്രതിദിനം ആയിരക്കണക്കിനു യാത്രക്കാരാണ് ആലുവ, എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലിക്ക് പോകുന്നത്. ഈ യാത്രക്കാരിൽ ഭൂരിഭാഗവും കെഎസ്ആർടിസി, ട്രെയിൻ എന്നിവയെയാണ് ആശ്രയിക്കുന്നത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. അങ്കമാലി– ആലുവ ദേശസാൽകൃത റൂട്ടായതിനാൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് അങ്കമാലിയിൽ നിന്നുള്ള യാത്രക്കാർ ആലുവയിലേക്കു പോകുന്നത്.
പല സമയങ്ങളിലും കെഎസ്ആർടിസി ബസുകൾ കിട്ടാറില്ല. ദേശസാൽകൃത റൂട്ടായതിനാൽ കരിയാട്, ദേശം എന്നിവിടങ്ങളിൽ സ്പർശിക്കാതെ സ്വകാര്യബസുകൾ ആലുവയ്ക്കു പോകണമെന്നാണ് ചട്ടം. കൊച്ചി വിമാനത്താവളത്തിൽ നിന്നു കെഎംആർഎല്ലിന്റെ 2 ബസുകളാണ് ആലുവ മെട്രോസ്റ്റേഷനിലേക്കു ഇപ്പോൾ സർവീസ് നടത്തുന്നത്. അങ്കമാലി, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മെട്രോ നീട്ടുകയാണെങ്കിൽ ഇത്തരം യാത്രാദുരിതങ്ങൾക്ക് പരിഹാരമാകും. വിശാലകൊച്ചിയുടെ പരിധിയിലുള്ള കറുകുറ്റി വരെ മെട്രോ നീട്ടണമെന്നാണ് അങ്കമാലിക്കാരുടെ ആവശ്യം.
