അർബുദ മരുന്നുണ്ട് 90 ശതമാനം വിലക്കുറവിൽ
കണ്ണൂർ: അർബുദരോഗിക്കും കുടുംബത്തിനും ആശ്വാസമായി കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കാരുണ്യസ്പര്‍ശം പദ്ധതി ജില്ലയിലും ഹിറ്റ്. 90 ശതമാനം വിലക്കുറവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലടക്കം ജില്ലയിലെ ഏഴ് ആശുപത്രികളിൽ അർബുദ മരുന്ന് ലഭിക്കുന്നുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, പയ്യന്നൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രികൾ പാനൂർ സാമൂഹികാരോഗ്യകേന്ദ്രം, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് മരുന്ന് കിട്ടുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്ക് അർബുദമരുന്നുകള്‍ ലഭ്യമാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ട് ഒരു വര്‍ഷമായി. ആദ്യഘട്ടത്തില്‍ 14 ജില്ലയിലും ഓരോ കാരുണ്യ ഫാര്‍മസികളിലാണ് തുടങ്ങിയത്. നിലവിൽ 72 കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യമാണ്. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലഭിക്കുന്നത്. 2024 ആഗസ്ത് 29നാണ് കാരുണ്യസ്പര്‍ശം കൗണ്ടറുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി ആരംഭിച്ച് കഴിഞ്ഞ് ഇതുവരെ വിപണിമൂല്യമായി 6.88 കോടി വില വരുന്ന മരുന്നുകള്‍ 2.26 കോടി നിരക്കില്‍ രോഗികള്‍ക്ക് വിതരണംചെയ്തു. സംസ്ഥാനത്താകെ 4.62 കോടി രൂപയുടെ ഇങ്ങനെ ആനുകൂല്യമാണ് നൽകിയത്.
