ഓണ്‍ലൈന്‍ മീഡിയകളെ നിയന്ത്രിക്കാന്‍ സ്വതന്ത്രമായ സംവിധാനം വേണം: സുപ്രിംകോടതി

Share our post

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മീഡിയകളെ നിയന്ത്രിക്കാന്‍ സ്വതന്ത്രമായ സംവിധാനം വേണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗച്ചി തുടങ്ങിയവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. നിഷ്പക്ഷമായ സ്വതന്ത്ര സംവിധാനം ഓണ്‍ലൈന്‍ മീഡിയകളിലൂടെ വരുന്ന അശ്ലീല, നിയമവിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാന്‍ വേണമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ മീഡിയകളുടെ സ്വയംനിയന്ത്രണം മാത്രം ഫലപ്രദമാവില്ലെന്ന് കോടതി വ്യക്തമാക്കി. പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ ഷോക്കിടെ നടത്തിയ പരാമര്‍ശങ്ങളില്‍ എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് രണ്‍വീര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ മീഡിയകളെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലുകളിലൂടെ വ്യക്തികൾ പബ്ലിഷ് ചെയ്യുന്ന കണ്ടന്റിലെ ഉള്ളടക്കത്തിലും ചിലപ്പോൾ വൈകൃതങ്ങളുണ്ടാവുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. യുട്യുബ് ചാനല്‍ ഉടമകള്‍ക്ക് കണ്ടന്റിനുമേല്‍ യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥിതി ഉണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ലേയെന്നും കോടതി ചോദിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഓണ്‍ലൈന്‍ മീഡിയകള്‍ വഴി പുറത്തുവരുന്ന ഇത്തരം കണ്ടന്റുകളുടെ ഇരയാകുന്നതെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!