അഗ്നിവീര്‍ ഒഴിവുകള്‍ ഒരു ലക്ഷമായി ഉയര്‍ത്താനൊരുങ്ങി കരസേന
ന്യൂഡല്‍ഹി: ദേശീയ സുരക്ഷയും സൈനിക ശേഷിയും ബലപ്പെടുത്തുന്നതിനായി അഗ്നിവീര്‍ റിക്രൂട്ട്മെന്റ് ഒരു ലക്ഷമായി ഉയര്‍ത്താനൊരുങ്ങി കരസേന. നിലവില്‍ ഓരോ വര്‍ഷവും ലഭ്യമാകുന്ന 45,000 മുതല്‍ 50,000 ഒഴിവുകള്‍ ഒരുലക്ഷം കവിയുന്ന രീതിയില്‍ വര്‍ധിപ്പിക്കാനുള്ള നടപടികളാണ് കരസേന പരിഗണിക്കുന്നത്. നിലവില്‍ സൈനിക വിഭാഗത്തില്‍ ഏകദേശം 1.8 ലക്ഷം പേരുടെ കുറവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. 2020, 2021 എന്നീ വര്‍ഷങ്ങളിലെ കോവിഡ് മഹാമാരിയുടെ സമയത്ത് റിക്രൂട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ കാലയളവില്‍ ഓരോ വര്‍ഷവും 60,000 മുതല്‍ 65,000 സൈനികര്‍ വിരമിച്ചെങ്കിലും പകരം നിയമനങ്ങള്‍ നടന്നിരുന്നില്ല. പിന്നീട് 2022 ജൂണ്‍ 14ന് അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ നാലു വര്‍ഷത്തെ സേവന കാലാവധിയോടെയുള്ള റിക്രൂട്ട്മെന്റാണ് ആരംഭിച്ചത്. ആ വര്‍ഷം മൂന്നു സേനകളിലുമായി മൊത്തം 46,000 ഒഴിവുകള്‍ അനുവദിക്കപ്പെടുകയും അതില്‍ 40,000 കരസേനയ്ക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു.
