കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി :കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, ഡിസംബര്‍ ഒന്നിനകം തമിഴ്‌നാട് ഹര്‍ജിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേരളത്തിലെ വിഷയത്തില്‍ തിങ്കളാഴ്ച്ചക്കുള്ളില്‍ സത്യവാങ് മൂലം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
