ശബരിമല തീർഥാടകരുടെ ബസിൽ ലോറിയിടിച്ച് 11 പേർക്ക് പരിക്ക്
മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിൽ ലോറിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ തൃക്കളത്തൂരിലാണ് സംഭവം. ആന്ധ്രയിലെ ചിറ്റൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് റോഡിനോട് ചേർത്ത് നിർത്താൻ തയ്യാറെടുക്കുന്നതിനിടെ പിന്നാലെ അമിത വേഗത്തിലെത്തിയ ലോറി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ ആകെ 33 തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് ഏകദേശം 50 അടിയോളം മുന്നോട്ട് കുതിക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നതിനാലാണ് ബസ് റോഡരികിലുള്ള കനാലിലേക്ക് പതിക്കാതെ വൻ ദുരന്തം ഒഴിവായത്. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ഉടൻ തന്നെ കെഎസ്ഇബിയിൽ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചതും വലിയ അപകടം ഒഴിവാക്കാൻ സഹായകമായി. അപകടത്തിൽ പരിക്കേറ്റ 11 പേരിൽ ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി എം. റെമി (49), ബസ് ഡ്രൈവർ ഗൗതം കുമാർ (30) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീർഥാടകരായ ബാലാജി, വെങ്കിടേഷ്, മോഹൻ ബാബു, ഗോവിന്ദൻ, ചന്ദ്ര റെഡ്ഡി, ശ്രിനിവാസലു, ഉമാപതി, ദുപിക, ഉദയകുമാർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. നിസ്സാര പരിക്കേറ്റ മറ്റ് തീർഥാടകരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. അപകടസ്ഥലത്ത് അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ക്രെയിനിന്റെ സഹായത്തോടെ ലോറി റോഡിൽ നിന്ന് നീക്കുകയും റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
