കടുവാ സങ്കേതങ്ങൾക്കു ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾ നേട്ടിഫൈ ചെയ്യണമെന്ന് സുപ്രീംകോടതി; ടൈഗർ സഫാരി കാടിന് പുറത്ത്
ന്യൂഡൽഹി: എല്ലാ കടുവാ സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾ നേട്ടിഫൈ ചെയ്യണമെന്ന് സുപ്രീംകോടതി സംസ്ഥാന ഗവൺമെന്റുകൾക്ക് നിർദ്ദേശം നൽകി. ബഫർ സോണും ഫ്രിഞ്ച് ഏരിയകളും പുറത്തെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽതന്നെ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ കടവാ സങ്കേതങ്ങളും ശബ്ദരഹിതമായിരിക്കണമെന്നും സുപ്രീംകോടതി നർദ്ദേശിച്ചു. ആറു മാസത്തിനുള്ളിൽതന്നെ ബഫർ ഏരിയയും കോർ ഏരിയയും വേർതിരിച്ച് നോട്ടിഫൈ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങൾ ഒരു വർഷത്തിനുള്ളിലും നോട്ടിഫൈ ചെയ്യണം. ആറു മാസത്തിനുള്ളിൽ കോടതി ഉത്തവരവ് നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകണമെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. കടുവാ സങ്കേതങ്ങളുടെ ഫണ്ടിങ്, സ്റ്റാഫ്, കേഡർ ആവശ്യങ്ങൾ എന്നിവക്ക് പ്രത്യേക പോളിസി നിശ്ചയിക്കണമെന്നും നിർദ്ദേശിച്ചു. വനം ജീവനക്കാരുടെ ഔട്ട്സോഴ്സിങ് ഒഴിവാക്കണം. 2024 ൽ നിയമിച്ച പഠന കമ്മിറ്റി നടത്തിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് കോടതിയുടെ നിർദ്ദേശം. ഇനി മുതൽ ടൈഗർ സഫാരി അനുവദിക്കേണ്ടത് വനഭൂമിയല്ലാത്ത പ്രദേശത്തുകൂടിയോ മരങ്ങൾ നശിച്ചുപോയ പ്രദേശങ്ങളിലൂടെയോ മാത്രമേ ആാവൂ എന്നും നിർദ്ദേശിക്കുന്നു. ഉത്തരാഖണ്ഡിലെ കോർബറ്റ് കടുവാ സങ്കേതത്തിലെ അനധികൃത നിർമാണങ്ങൾ തടയണമെന്നും അനധികൃതമായി മരങ്ങൾ മുറിച്ചതിന് പകരം മരങ്ങൾ വെച്ചു പിടിപ്പിക്കണെമെന്നും നിർദ്ദേശിച്ചു. രാത്രി ടൂറിസം പൂർണമായും നിരോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
