നിലക്കലിൽ സ്​പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി; ശബരിമല ദർശനത്തിന് കർശന നിയന്ത്രണം

Share our post

പമ്പ: ശബരിമലയിൽ അസാധാരണമായ തിരക്ക് തുടരുന്നതിനിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും. പമ്പയിലെ തിരക്ക് നിയന്ത്രിക്കാൻ നിലക്കലിൽ സ്​പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സ്​പോട്ട് ബുക്കിങ്ങിനായി ഇനി ആരും പമ്പയിലേക്ക് വരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരിക്ക് നിയന്ത്രിക്കാൻ പൊലീസും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.വന്നവരെ തിരിച്ചയക്കാൻ പറ്റാത്തത് കൊണ്ടാണ് സ്​പോട്ട് ബുക്കിങ് കൊടുക്കുന്നതെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു. ആളുകൾ കൂട്ടത്തോടെയെത്തിയത് ബുദ്ധിമുട്ടാവുന്നുണ്ട്. നട തുറന്ന ദിവസം കഴിഞ്ഞ വർഷം 29,000 തീർഥാടകരാണ് എത്തിയതെങ്കിൽ ഇത്തവണ 55,000 പേരെത്തി. ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ പേർ ദർശനത്തിനെത്തുന്ന സാഹചര്യമുണ്ടായി. ഇത് ബുദ്ധിമുട്ടി സൃഷ്ടിച്ചുവെന്നും അദ്ദേഹംപറഞ്ഞു. സ്​പോട്ട് ബുക്കിങ് ക്വാട്ട കഴിഞ്ഞാൽ അടുത്ത ദിവസമേ ദർശനം കിട്ടുവെന്ന് ജനങ്ങൾ അറിയണം. അന്നന്ന് ദർശനം വേണമെന്ന് നിർബധം പിടിക്കരുത്. ഒരു ദിവസത്തേക്ക് വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ മറ്റൊരു ദിവസം വരുന്നതും ​പ്രതിസന്ധിയാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നുണ്ട്. ഈ തീർഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെം​ഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് പന്തളത്തേക്ക് മടങ്ങിയെത്തിയത്.സന്നിധാനത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് പറയപ്പെടുന്നു. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!