കണ്ണൂരിൽ ഇനി കലാവേശം
കണ്ണൂർ : കലയുടെ ആരവം മുഴങ്ങുകയാണ് കണ്ണൂരിൽ. തിരഞ്ഞെടുപ്പിന്റെ മുദ്രാവാക്യംവിളികൾക്കിടയിലും അത് കേൾക്കാം. തദ്ദേശം പിടിക്കാൻ വോട്ടുവണ്ടി ഓടുമ്പോൾ കണ്ണൂരിൽ കപ്പ് നേടാൻ വിദ്യാർഥികൾ തകർപ്പൻ ഒരുക്കത്തിലാണ്. കലയുടെ ആവേശം കൊടിയിറങ്ങിയ പയ്യന്നൂരിന്റെ തുടർച്ചയാണ് 18 മുതൽ 22 വരെ കണ്ണൂരിൽ നടക്കുന്നത്, 64-ാമത് റവന്യൂ ജില്ലാ കലോത്സവം. കഴിഞ്ഞ വർഷം പയ്യന്നൂരിൽ കലോത്സവം നടക്കുമ്പോഴും തിരഞ്ഞെടുപ്പിന്റെ നേർത്ത ചൂടുണ്ടായിരുന്നു. വയനാട് ലോക്സഭയിലും പാലക്കാടും ചേലക്കരയും നിയമസഭാ തിരഞ്ഞെടുപ്പും ഇതേ മാസം ഇതേ ദിവസങ്ങളിലായിരുന്നു. കേരളം കാതോർത്ത ഫലപ്രഖ്യാപനം നടക്കുമ്പോൾ കണ്ണൂർ കലോത്സവവും ഫോട്ടോഫിനിഷിലായിരുന്നു. കണ്ണൂർ നോർത്ത് ഉപജില്ല ഹാട്രിക് കിരീടം നേടി. ആദ്യദിനങ്ങളിൽ മുന്നിട്ടുനിൽക്കുകയും പിന്നീട് ഒപ്പത്തിനൊപ്പം വന്ന പയ്യന്നൂരിനെയും മട്ടന്നൂരിനെയും പിന്നിലാക്കി കലോത്സവ സീറ്റ് നിലനിർത്തുകയായിരുന്നു. ഇക്കുറിയും ഇഞ്ചോടിച്ച് മത്സരത്തിന് 15 ഉപജില്ലകൾ തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞവർഷം ഒന്നാമതെത്തിയ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരിയും മമ്പറം ഹയർ സെക്കൻഡറി സ്കൂളും എകെജിഎച്ച്എസ്എസ് പെരളശ്ശേരിയും സെയ്ന്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂരും അവസാനവട്ടം ഒരുക്കം പൂർത്തിയായിക്കഴിഞ്ഞു. കണ്ണൂർ നഗരത്തിലെ 15 വേദികളിൽ 319 ഇനങ്ങളിലായി 9000 ലധികം വിദ്യാർഥികൾ മാറ്റുരക്കും. രജിസ്ട്രേഷൻ തുടങ്ങി 18 മുതൽ 22 വരെ കണ്ണൂരിൽ നടക്കുന്ന കണ്ണൂർ റവന്യൂജില്ലാ കാലോത്സവത്തിന്റെ രജിസ്ട്രേഷൻ പ്രധാന വേദിയായ കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി ഉദ്ഘാടനം ചെയ്തു. വിവിധ ഉപസമിതി കൺവീനർമാരായ കെ. പ്രകാശൻ, വി.വി. ഉസ്മാൻ, യു.കെ. ബാലചന്ദ്രൻ, കെ.പി. സായന്ത്, എസ്.എ. ജീവാനന്ദ്, പി. ബഷീർ, കെ. ഇസ്മായിൽ, എസ്.കെ. ബഷീർ, സുരേന്ദ്രൻ അടുത്തില എന്നിവർ പങ്കെടുത്തു.
