തെറ്റുവഴിയിൽ തെറ്റുന്നോ ? കോൺഗ്രസ് പേരാവൂർ പഞ്ചായത്ത് സീറ്റ് പ്രഖ്യാപനം വൈകുന്നു
പേരാവൂർ: തെറ്റുവഴി വാർഡ് സീറ്റുമായി ബന്ധപ്പെട്ട് പേരാവൂർ മണ്ഡലം കോൺഗ്രസിലുണ്ടായ പടലപ്പിണക്കം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കുന്നു. ആകെയുള്ള 17 സീറ്റുകളിൽ രണ്ട് സീറ്റുകളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ, തെറ്റുവഴി സീറ്റിൽ മത്സരിക്കാൻ ഒന്നിലധികം പേർ രംഗത്ത് വന്നതോടെ കാര്യങ്ങൾ കുഴപ്പത്തിലായി.
ഷിജിന സുരേഷ്, ബെന്നി ചിറമ്മേൽ, രാജു ജോസഫ്, സിബി കുമ്പുക്കൽ എന്നിവരുടെ പേരുകളാണ് ഉയർന്നിട്ടുള്ളത്. 2020-ലെ തിരഞ്ഞെടുപ്പിൽ തൊണ്ടിയിൽ വാർഡിൽ രാജു ജോസഫിനെതിരെ റിബലായി മത്സരിച്ച ബെന്നി ചിറമ്മേൽ 147 വോട്ടുകൾ നേടിയിരുന്നു. കോൺഗ്രസിന്റെ കുത്തക വാർഡിൽ അന്ന് ആകെ പോൾ ചെയ്ത വോട്ടുകളിൽ 432 വോട്ടുകൾ നേടി രാജു ജോസഫ് വിജയിക്കുകയും ചെയ്തു.
ഇത്തവണ വാർഡുകൾ വിഭജിച്ചപ്പോൾ തൊണ്ടിയിൽ വാർഡിലെ 150 ഓളം വീടുകൾ തെറ്റുവഴി വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇക്കാരണത്താൽ തെറ്റുവഴി സീറ്റ് രാജു ജോസഫിന് നല്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. അതേസമയം, ഷിജിന സുരേഷും ബെന്നി ചിറമ്മേലും പാർട്ടിയിൽ ഭാരവാഹിത്വം വഹിക്കുന്നവരാണ്. ഇവരിലൊരാൾക്ക് സീറ്റ് നല്കണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗവും വാദിക്കുന്നത്. പാർട്ടിയിൽ ഏറെ സജീവമല്ലാത്ത സിബി കുമ്പുക്കലും സീറ്റിനായി രംഗത്തുണ്ട്. ഒരാഴ്ചയായി തുടരുന്നമാരത്തൊൺ ചർച്ചകൾക്കും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ പേരാവൂർ പഞ്ചായത്തിലെ കോൺഗ്രസ് സീറ്റു പ്രഖ്യാപനം അനന്തമായി നീളുകയാണ്. തെറ്റുവഴി സീറ്റിലെ വിഭാഗീയത പഞ്ചായത്തിലെ മറ്റു സീറ്റുകളിലെ വിജയത്തെ പ്രതികൂലമാക്കുമെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്.
