ബി.ജെ.പി നേതാവിനെ നവമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
ശ്രീകണ്ഠപുരം: ബി.ജെ.പി നേതാവിനെ നവമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ എറണാകുളത്ത് വെച്ച് പിടികൂടി. എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് സാലിഹിനെയാണ് (28) തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പയ്യാവൂര്‍ ഇൻസ്പെക്ടർ ട്വിങ്കിള്‍ ശശി അറസ്റ്റ് ചെയ്തത്. എസ്.ഐ മുഹമ്മദ് നജ്മി, എ.എസ്.ഐ കെ.വി. പ്രഭാകരന്, ഡ്രൈവര്‍ ഷിനോജ് എന്നിവര്‍ എറണാകുളം ഞാറയ്ക്കലില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ല സെക്രട്ടറി പയ്യാവൂര്‍ കോയിപ്ര സ്വദേശി മതിലകത്ത് അരുണ്‍ തോമസിനെയും കുടുംബത്തെയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ റൂറല്‍ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.
