ഡിജിറ്റൽ ഡാറ്റാ സംരക്ഷണം: കുട്ടികളുടെ ഡാറ്റയ്ക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധം
ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിഗതവിവര സംരക്ഷണ (ഡിപിഡിപി) ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. 2023-ലെ ഡിപിഡിപി നിയമത്തിനു കീഴിലുള്ള ചട്ടങ്ങളാണ് പുറത്തിറക്കിയത്. കുട്ടികളുടെ വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ചട്ടത്തിലുണ്ട്. കുട്ടികളുടെ വിവരങ്ങൾ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ സമ്മതം വാങ്ങിയെന്ന്, വ്യക്തിഗത വിവരങ്ങൾ വിശകലനം ചെയ്യുന്നതിന്റെ ഉദ്ദേശ്യം നിർണയിക്കുന്ന ഡേറ്റാ രക്ഷാധികാരികൾ ഉറപ്പുവരുത്തണം. വ്യക്തിഗതവിവരങ്ങളിലേക്ക് എന്തെങ്കിലും കടന്നുകയറ്റമുണ്ടായത് ശ്രദ്ധയിൽപ്പെട്ടാൽ ഡേറ്റാ രക്ഷാധികാരികൾ ഉടൻതന്നെ ആ വ്യക്തികളെയും ഡേറ്റാ സംരക്ഷണ ബോർഡിനെയും വിവരമറിയിക്കണം. കടന്നുകയറ്റമുണ്ടായ സമയം, അതിന്റെ തോത്, പരിണതഫലങ്ങൾ, സ്വീകരിക്കേണ്ട സുരക്ഷാനടപടികൾ എന്നിവയെല്ലാം അറിയിക്കണം. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായുള്ള സെർച്ച് കം സിലക്ഷൻ കമ്മിറ്റിയാണ് ഡേറ്റാസംരക്ഷണ ബോർഡുണ്ടാക്കേണ്ടത്. ഡിജിറ്റൽ ഓഫീസായാണ് ബോർഡ് പ്രവർത്തിക്കേണ്ടത്. ഹാജരായ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായമാണ് ബോർഡിന്റെ തീരുമാനം. രാജ്യത്തിനു പുറത്തേക്ക് ഡേറ്റ നൽകുന്നത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്നും ചട്ടത്തിൽ പറയുന്നു.
