ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ടുതേടാൻ പാടില്ല
കണ്ണൂർ :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ടുതേടാൻ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ മാതൃകാ പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി മോസ്‌കുകൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാർഥിക്കോ സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഉയർത്തരുത്. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ സ്ഥാപിക്കാൻ പാടില്ല. പരസ്യച്ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തണം. പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകണം. നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നീക്കംചെയ്യുന്നതിന് നടപടി സ്വീകരിക്കും. അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കേണ്ടതാണെന്നും പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ പ്രഥമ യോഗം കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. കൺവീനർ തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, അംഗങ്ങളായ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ജില്ലാ പൊലീസ് മേധാവികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
