പഴശ്ശി ഷട്ടര്‍ അടക്കാന്‍ വൈകുന്നു; ഇരിട്ടി പുഴ മെലിഞ്ഞുതുടങ്ങി
ഇരിട്ടി: കുടിവെള്ളത്തിനായി പഴശ്ശി പദ്ധതിയില്‍ വെള്ളം സംഭരിക്കുന്നത് വൈകുന്നതിനെ തുടര്‍ന്ന് പുഴയില്‍ വെള്ളം കുറഞ്ഞു. തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ ബാവലി, ബാരാപോള്‍ പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നിട്ടും ജില്ലയുടെ കുടിവെള്ള പദ്ധതിയായ പഴശ്ശിയില്‍ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കുന്നത് വൈകുകയാണ്. മുന്‍കാലങ്ങളില്‍ നവംബര്‍ ആദ്യവാരം ഷര്‍ട്ടര്‍ അടച്ച് കുടിവെള്ളത്തിനായി വെള്ളം സംഭരിക്കും. ജില്ലയിലെ മൂന്നില്‍ രണ്ടു ഭാഗങ്ങളിലും മാഹിയിലും കുടിവെള്ളമെത്തുന്നത് പഴശ്ശി പദ്ധതിയില്‍ നിന്നാണ്. ഇതിനായി പദ്ധതിയില്‍ ജല അതോറിറ്റിയുടെ ആറ് വലിയ പമ്പിങ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതിക്കും വെള്ളം നല്‍കുന്നതും പഴശ്ശിയാണ്. ഷര്‍ട്ടര്‍ അടക്കുന്നത് വൈകുന്നതോടെ കുടിവെള്ള സംഭരണത്തെയും ബാധിക്കും. ഇക്കുറി തുലാവര്‍ഷത്തിന്റെ ആരംഭത്തില്‍ മികച്ച മഴ ലഭിച്ചിരുന്നു. ജില്ലയിലെ കുടിവെള്ളക്ഷാമം ഇല്ലാതിരിക്കുന്നതിനായി പദ്ധതിയുടെ ഷട്ടറുകള്‍ എത്രയും വേഗം അടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
