തദ്ദേശ തിരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിക്കണം
കണ്ണൂർ : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കണമെന്ന് ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്ററും ഹരിതചട്ട പരിപാലനത്തിനായുള്ള നോഡല്‍ ഓഫീസറുമായ കെ.എം സുനില്‍കുമാര്‍ അറിയിച്ചു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഊര്‍ജിതമായ പരിശോധനകളും നടപടികളും ഉണ്ടാകും. മാതൃകാ പെരുമാറ്റചട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ, പത്താമത്തെ ഇനമായി പരമാര്‍ശിച്ചിട്ടുള്ള ഹരിത ചട്ടപാലനം പൂര്‍ണമായും പാലിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ വോട്ടെണ്ണുന്നതു വരെയുള്ള കാലയളവില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണ പരിപാടികളിലും മറ്റും ഹരിതചട്ടം ഉറപ്പായും പാലിക്കണം. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
പ്രചരണ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ തയ്യാറാക്കാന്‍ നൂറ് ശതമാനം കോട്ടണ്‍ തുണി (കോട്ടിംഗ് ഇല്ലാത്തത് മാത്രം), കടലാസ്, റീ സൈക്ലിംഗിന് യോഗ്യമായ പോളി എത്തിലിന്‍ പ്രിന്റുകള്‍ എന്നിവ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക്/പോളിസ്റ്റര്‍ തോരണങ്ങള്‍ എന്നിവ അനുവദനീയമല്ല. പേപ്പര്‍ – കോട്ടണ്‍ തുണിയില്‍ നിര്‍മിച്ച കൊടികളും തോരണങ്ങളും ഉപയോഗിക്കാം. ബൂത്തുകളും മറ്റും അലങ്കരിക്കുന്നത് പ്രകൃതി സൗഹൃദ വസ്തുക്കള്‍, പുന: ചംക്രമണം ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍ എന്നിവ മാത്രം ഉപയോഗിച്ചാവണം. തെരഞ്ഞെടുപ്പ് യോഗങ്ങള്‍, റാലികള്‍ എന്നിവയില്‍ നിരോധിത പ്ലാസ്റ്റിക് പേപ്പര്‍, കപ്പ്, പ്ലേറ്റ് തുടങ്ങിയവയും ഹരിതചട്ട പ്രകാരം പൊതുപരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബയോ പേപ്പര്‍ കപ്പുകളും ഇതില്‍ ഉള്‍പ്പെടും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക പരിശീലന പരിപാടികളും യോഗങ്ങളും പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ട് നടത്തണം.
വോട്ടെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അജൈവ മാലിന്യം ഹരിതകര്‍മസേന വഴി ക്ലീന്‍ കേരള കമ്പനിക്കോ മറ്റ് അംഗീകൃത ഏജന്‍സികള്‍ക്കോ കൈമാറണം. ആവശ്യമുള്ള സ്ഥലങ്ങളില്‍ മാലിന്യം തരം തിരിച്ച് നിക്ഷേപിക്കുന്നതിന് മതിയായ ബിന്നുകളുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 9446700800 നമ്പറില്‍ അറിയിക്കാം.
