ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവിൽ 12 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
കണ്ണൂർ: ഓണ്‍ലൈന്‍ വ്യാപാരം നടത്തി ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 12 ലക്ഷം രൂപയോളം തട്ടിയ പ്രതി പിടിയിൽ. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ചെന്നിയാര്‍ മണ്ണില്‍ സി.എം. അബ്ദുറഹ്മാനെയാണ് (51) കണ്ണൂർ റൂറൽ അഡീ. എസ്.പി കെ.എസ്. ഷാജിയുടെ നിര്‍ദേശപ്രകാരം ആലക്കോടെ റൂറൽ സൈബര്‍ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാര്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് വെള്ളാവ് കുറ്റ്യേരിയിലെ കൊടല് കോക്കുന്നം കെ.കെ. വാസുദേവന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 2024 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 10 വരെയുള്ള കാലയളവിലായി വാസുദേവനില്‍ നിന്ന് അബ്ദുറഹ്മാന് ഉള്‍പ്പെട്ട ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ് സംഘം 11,82,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വാസുദേവന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്. യു.കെ കേന്ദ്രീകരിച്ചുള്ള വാട്സ്ആപ് ഗ്രൂപ്പുകള്‍ മുഖേനയാണ് തട്ടിപ്പ് നടത്തിയത്.
വാട്സ്ആപ് ഗ്രൂപ് അഡ്മിന്മാരായ ലൈന, ഷരീഫ് സിംഗ് തുടങ്ങിയവര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പില്‍ അബ്ദുറഹ്മാനും പ്രധാന കണ്ണിയാണെന്ന് വ്യക്തമായത്. വാസുദേവനില്നിന്ന് മൂന്നരലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് കൈക്കലാക്കിയത് ഇയാളാണെന്ന് വ്യക്തമായി. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവിൽ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അബ്ദുറഹ്മാന് ഉള്‍പ്പെട്ട സംഘം വന്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശ സന്ദര്‍ശനത്തിന് പോയിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തുന്നതായി റൂറൽ എസ്.പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുറഹ്മാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
