പേരാവൂർ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി
പേരാവൂർ: പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 17 വാർഡുകളിൽ 14-ൽ സിപിഎമ്മും മൂന്നെണ്ണത്തിൽ സിപിഐയും മത്സരിക്കും. സിപിഐ മത്സരിക്കുന്ന എല്ലാ വാർഡുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മണത്തണ വാർഡിൽ സിപിഐ മത്സരിക്കാൻ ധാരണയായിട്ടുണ്ട്. മറ്റു രണ്ടു സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ദിവസം ഉണ്ടാവും.
മണത്തണ, തൊണ്ടിയിൽ, ഇരിപ്പറക്കുന്ന് വാർഡുകളിലാണ് മുൻപ് സിപിഐ മത്സരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തവണ സംവരണ വാർഡായ പുതുശേരി സിപിഐക്ക് നല്കി ഇരിപ്പറക്കുന്ന് വാർഡിൽ സിപിഎം മത്സരിക്കുകയായിരുന്നു. ഇത്തവണ ഇരിപ്പറക്കുന്ന് വാർഡ് വിഭജിച്ച് തിരുവോണപ്പുറം എന്ന പേരിൽ പുതിയ വാർഡ് ഉണ്ടാക്കിയിട്ടുണ്ട്.
ഇരിപ്പറക്കുന്നിന് പകരം മേൽമുരിങ്ങോടി, കുനിത്തല വാർഡുകളാണ് സിപിഐ ലക്ഷ്യമിടുന്നത്. ഇതു രണ്ടും കിട്ടിയില്ലെങ്കിൽ മുരിങ്ങോടി വാർഡും സിപിഐക്ക് നോട്ടമുണ്ട്. സിപിഎമ്മിൽ നിഷ ബാലകൃഷ്ണൻ, കെ.എ.രജീഷ്, കെ.പി.അബ്ദുൾ റഷീദ്, കെ.ജെ.ജോയിക്കുട്ടി, ഷാനി ശശീന്ദ്രൻ, വി.ബാബു മാസ്റ്റർ എന്നിവരുടെ പേരുകൾ ആദ്യ ഘട്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ മുരിങ്ങോടിയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ട്. മുൻ പഞ്ചായത്തംഗം സുരേഷ് ചാലാറത്താണ് കോൺഗ്രസിന്റെ സ്ഥാനാർഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വാർഡ് വിഭജനത്തോടെ മുരിങ്ങോടി വാർഡിൽ ബിജെപി ശക്തിയാർജിച്ചിട്ടുണ്ട്. സിപിഐക്ക് മുരിങ്ങോടി വാർഡ് നൽകുന്ന പക്ഷം പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുസ്തഫ മത്സരിക്കാനാണ് സാധ്യത.
മണത്തണ വാർഡും ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിന് വേദിയാവും. കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാർഡിൽ നിലവിലെ മെമ്പർ ബേബി സോജ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. ഡിസിസി അംഗം ചോടത്ത് ഹരിദാസാണ് കോൺഗ്രസ് സ്ഥാനാർഥി. സിപിഐ സ്ഥാനാർഥി കൂടി രംഗത്തെത്തുന്നതോടെ മത്സരം കടുക്കും.
മണത്തണ വാർഡ്2020-ലെ വോട്ട് നില
ബേബി സോജ (എൻഡിഎ): 483
സുജാത സോമൻ (എൽഡിഎഫ്): 356
സീന ജോസ് (യുഡിഎഫ്): 75
മണത്തണ വാർഡ് 2015-ലെ വോട്ട്നില
എം.സുകേഷ് (എൽഡിഎഫ്): 328
കെ.സി.പ്രവീൺ (ബിജെപി): 313
ചോടത്ത് ഹരിദാസ് (യുഡിഎഫ്): 185
