റേഷൻകടകളിൽ ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കാനുള്ള ടെൻഡർ തുടങ്ങി; നടപ്പാക്കുന്നത് 33 കോടിയുടെ പദ്ധതി
കോഴിക്കോട്:ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പുവരുത്താനും തട്ടിപ്പുകൾ തടയാനുമായി റേഷൻകടകളിലെ ഇപോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിക്കായുള്ള ഇല ക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കാനുള്ള ടെൻഡർ പൊതുവിതരണ വകുപ്പ് ആരംഭിച്ചു. ടെൻഡർ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. 33.50 കോടിയുടെ പദ്ധതിക്ക് ഈ സാമ്പത്തികവർഷത്തേക്ക് 10 കോടിയാണ് സർക്കാർ അനു വദിച്ചത്. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. പല കടകളിലും തൂക്കത്തിൽ കൃത്രിമം കാട്ടി ബിൽ ചെയ്യുന്ന അളവിലുള്ള ഭക്ഷ്യധാന്യങ്ങൾ കാർഡ് ഉടമകൾക്ക് ലഭിക്കാറില്ല എന്നാണ് പരാതി. ഇങ്ങനെവെട്ടിക്കുന്ന ഭക്ഷ്യധാന്യം കൂടിയ വിലയ്ക്ക് മറ്റ് കാർഡ് ഉടമകൾക്കോ കരിഞ്ചന്തയിലോ വിൽക്കു കയാണെന്നാണ് ആക്ഷേപം. ഇത് തടയാനാണ് ഇലക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കുന്നത്. ക്രമീകരണം വരുന്നതോടെ തൂക്കി നൽകുന്ന ഭക്ഷ്യവസ്തുവിന്റെ അളവിന്റെ ബിൽ മാത്രമേ പ്രിൻ്റ് ചെയ്ത് വരൂ. വയർ മുഖേനയോ ബ്ലൂത്ത് ടൂത്ത് വഴിയോ ആണ് ഇ പോസ് മെഷീൻ ഇ-ത്രാസുമായി ബന്ധിപ്പിക്കുക. കോൾ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. പദ്ധതി നടപ്പാക്കുന്നതോടെ ഇപോസ് മെഷീൻ്റെ സോഫ്റ്റ്വെയറും പരിഷ്കരിക്കും.
അതേസമയം റേഷൻ വിതരണ ചുമതലയുള്ള സപ്ലൈകോ റേഷൻ വിതരണ ചുമതലയുള്ള ഗോഡൗണുകളിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തുമോ എന്നതിൽ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ റേഷൻ കടകളിലെ ഇപോസ് മെഷീന്റെ പ്രവർത്തനം തകരാറിലായി റേഷൻ വിതരണം തടസപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് കടയുടമകളും ഉപഭോക്താക്കളും പറയുന്നത്. ദിവസവും ഇപോസ് തകരാറിൽ, അല്ലെങ്കിൽ അപ്ഡേഷൻ വഴി റേഷൻ വിതരണം തടസപ്പെടുന്ന സ്ഥിതിയാണ്. ഇത് മൂലം കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തർക്കത്തിലേർപ്പെടുന്നതും പതിവാണ്.
