അംശാദായം കുടിശികയായവർക്ക് ഇനി കാലാവധി പൂർത്തിയായാലും പ്രവാസി പെൻഷനില്ല
കണ്ണൂർ: കേരള പ്രവാസി ക്ഷേമ ബോർഡ് പെൻഷന് വേണ്ട കാലാവധി പൂർത്തിയായിട്ടും അംശാദായ പണമടയ്ക്കുന്നതിൽ കുടിശികയായവർക്ക് നവംബർ ഒന്നുമുതൽ പെൻഷൻ ലഭിക്കില്ല. കാലാവധി പൂർത്തിയായി പണമടക്കാൻ കുടിശികയായവർക്ക് തുക രണ്ടുവർഷത്തിനകം ഒരുമിച്ചടച്ചാൽ പെൻഷൻ ലഭ്യമാക്കിയിരുന്നതാണ് കേരള പ്രവാസി ക്ഷേമ ബോർഡ് നവംബർ ഒന്നുമുതൽ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. കഴിഞ്ഞ 31 വരെ കുടിശികയായ അംശാദായ തുക കേരള പ്രവാസി ക്ഷേമ ബോർഡ് വെബ്സൈറ്റിലൂടെ അടയ്ക്കാൻ കഴിയുമായിരുന്നു. ബോർഡിൻ്റെ നടപടി കാരണം ക്ഷേമ ബോർഡ് പെൻഷൻ അംഗത്വം നേടി കാലാവധി പൂർത്തിയായിട്ടും പണമടയ്ക്കാൻ വീഴ്ച സംഭവിച്ച ആയിരക്കണക്കിനാളുകൾക്ക് ഇനി മുതൽ പെൻഷൻ ലഭിക്കില്ല. കേരള പ്രവാസി ക്ഷേമ ബോർഡ് പെൻഷൻ അംഗത്വം നേടി 60 വയസ് തികയുകയോ അഞ്ചു വർഷത്തിൽ കുറയാതെ പണമടയ്ക്കുകയോ ചെയ്യുന്ന പ്രവാസികൾക്കാണ് പെൻഷൻ നൽകുന്നത്.
അഞ്ചു വർഷത്തിൽ കൂടുതൽ പണമടച്ചവർക്ക് ആനുപാതികമായി പെൻഷൻ തുക വർധനയും ലഭിച്ചു വരുന്നുണ്ട്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് (1 ബി കാറ്റഗറി) 3000 രൂപയാണ് പ്രതിമാസ അടിസ്ഥാന പ്രവാസി പെൻഷൻ തുക. നിലവിൽ ജോലി ചെയ്യുന്നവർക്ക് (1 എ കാറ്റഗറി) കാലാവധി പൂർത്തിയായാൽ 3500 രൂപയുമാണ് ലഭിക്കുക. പെൻഷൻ അംഗത്വം നേടിയ, നാട്ടിൽ തിരിച്ചെത്തിയവർ അംശാദായമായി പ്രതിമാസം 200 രൂപയും നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ 350 രൂപയുമാണ് അടയ്ക്കേണ്ടത്. 60 വയസ് പൂർത്തിയായ പെൻഷന് അർഹതയുള്ള വിദേശത്തുള്ള പലരും വർഷത്തിലൊരിക്കൽ ലഭിക്കുന്ന അവധിക്ക് നാട്ടിൽ എത്തിയാലാണ് പെൻഷൻ ലഭിക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഓൺലൈനായി നൽകിയിരുന്നത്. ഇത്തരത്തിൽ നാട്ടിൽ വന്ന് പെൻഷന് അപേക്ഷ നൽകാമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്കും കേരള പ്രവാസി ക്ഷേമ ബോർഡ് തീരുമാനം തിരിച്ചടിയാകും. പ്രവാസികളെ പ്രവാസി ക്ഷേമനിധിയിൽ ചേർത്ത് അംഗത്വം എടുപ്പിക്കുകയും പ്രതിമാസം കൃത്യമായി അംശാദായം അടപ്പിക്കുകയും ചെയ്ത പ്രവാസി സേവാ കേന്ദ്ര പോലെയുള്ള സെൻ്ററുകൾക്കും പെൻഷൻകാർക്ക് കൃത്യമായി മറുപടി നൽകാനാവുന്നില്ല.
