ന്യൂക്ലിയാർ മെഡിസിനില്‍ പിജി; സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ആദ്യം കോഴിക്കോട്ട്
കോഴിക്കോട്: കാൻസർ ചികിത്സാരംഗത്ത് സുപ്രധാന ചുവടവെപ്പായി കോഴിക്കോട് മെഡിക്കൽ കോളേജിന് ന്യൂക്ലിയാർ മെഡിസിൻ പിജി. രാജ്യത്താദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഈ ബിരുദാനന്തര ബിരുദ കോഴ്‌സ് തുടങ്ങുന്നത്. രണ്ട് സീറ്റാണ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി ന്യൂക്ലിയാർ മെഡിസിന്റെ സാധ്യതകൾ രോഗനിർണയത്തിലും ചികിത്സയിലും കൂടുതൽ പ്രയോജനപ്പെടുത്താനാവും. ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം സൂക്ഷ്മതലത്തിൽ അറിയാനും രോഗാവസ്ഥ മനസ്സിലാക്കി രോഗബാധിതമായ കോശങ്ങളെമാത്രം ലക്ഷ്യമാക്കി ചികിത്സ നൽകുന്നതിനും ന്യൂക്ലിയാർ മെഡിസിൻ സാങ്കേതികവിദ്യവഴി സാധ്യമാകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2018-ലാണ് ന്യൂക്ലിയാർ മെഡിസിൻ വിഭാഗം നിലവിൽവന്നത്. ഏഴുവർഷത്തിനകം പിജി കോഴ്സ് ആരംഭിക്കാൻ സാധിച്ചത് നേട്ടമായി.
ന്യൂക്ലിയാർ മെഡിസിനിൽ എംഡി കോഴ്‌സ് തുടങ്ങുന്നതോടെ കാൻസർ ചികിത്സയിൽ അത്യാധുനിക സംവിധാനങ്ങളൊരുക്കാൻ വഴിതെളിയും. മാത്രമല്ല, മറ്റു വിവിധ വിഭാഗങ്ങൾക്കും ഇത് സഹായകരമാകും. കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ ടെറിഷ്യറി സെന്ററിൽ നിലവിൽ മൂന്നു വിഭാഗങ്ങളാണുള്ളത്. മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിവയാണവ. മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ദിവസേന മൂന്നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്.
ടെക്നീഷ്യന്മാരും തയ്യാർ
ന്യൂക്ലിയാർ മെഡിസിനിൽ ഡോക്ടർമാരെപ്പോലെ അത്യാവശമാണ് ടെക്നീഷ്യന്മാരും. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എആർബി) അംഗീകാരമുള്ള ബിഎസ്‌സി (ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി) കോഴ്‌സ് കഴിഞ്ഞവരാണ് ഇതിന് യോഗ്യർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കോഴ്സും സുസജ്ജമാണ്. 2024-ൽ ആദ്യബാച്ച് തുടങ്ങി. ആറ് സീറ്റുകളാണുള്ളത്.
