‘ഹാജർ കുറവിന്‍റെ പേരിൽ ഒരു നിയമ വിദ്യാർഥിയെയും പരീക്ഷ എഴുതുന്നത് തടയരുത്’; ഡൽഹി ഹൈകോടതി
ന്യൂഡൽഹി: മിനിമം ഹാജർ ഇല്ലാത്തതിന്‍റെ പേരിൽ ഒരു നിയമ വിദ്യാർഥിയെയും പരീക്ഷ എഴുതുന്നത് കോളജുകൾ തടയരുതെന്ന് ഉത്തരവിട്ട് ഡൽഹി ഹൈകോടതി. നിയമ ബിരുദ കോളജുകളിലെ ഹാജരുമായി ബന്ധപ്പെട്ട് നിരവധി നിർദേശങ്ങൾ മുന്നോട്ടു വെച്ച ഹൈകോടതി ഹാജർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് നിർദേശിക്കുകയും ചെയ്തു. ഹാജർ കുറവ് കാണിച്ച് വിദ്യാർഥികൾക്ക് അടുത്ത സെമസ്റ്ററിലേക്ക് പ്രമോഷൻ നൽകാതിരിക്കരുതെന്ന് കോടതി നിർദേശിച്ചു. 2016ൽ മതിയായ ഹാജരില്ലെന്ന് കാണിച്ച് സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് നിയമ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് ഉത്തരവ്. ജസ്റ്റിസ് പ്രഭിത സിങ് എം, അമിത് ശർമ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതു വിദ്യാഭ്യാസത്തിലെയും നിയമ വിദ്യാഭ്യാസത്തിലെയും മാനദണ്ഡങ്ങൾ വിദ്യാഥികളുടെ മാനസിക നില തകർക്കുന്ന വിധം കർക്കശമാക്കരുതെന്നാണ് ബെഞ്ചിന്‍റെ നിരീക്ഷണം.
