നടാൽ അടിപ്പാത; ഉത്തരമില്ലാതെ അധികൃതർ
എടക്കാട് : ദേശീയപാത 66-ൽ നടാൽ ഒകെയുപി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യത്തിൽ ദേശീയപാത അതോറിറ്റിക്ക് മൗനം തുടരുന്നു. തിരുവനന്തപുരത്ത് സെപ്റ്റംബർ 11-ന് ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ നടാലിൽ ബസുകൾക്ക് കടന്നുപോകാനാകുന്ന വിധത്തിൽ അടിപ്പാത വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് അതോറിറ്റി കാര്യമായ നീക്കങ്ങളൊന്നും നടത്തിയില്ലെന്ന് കർമസമിതി പറയുന്നു.
നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾ ദേശീയപാതയുടെ നിർമാണം പൂർത്തിയാവുന്നതോടെ ഏതുവഴി പോകുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശം പാലിക്കാതെ ദേശീയപാത അതോറിറ്റിക്ക് മാറിനിൽക്കാനാകുമോയെന്നും നാട്ടുകാർ ചോദിക്കുന്നു. ഊർപ്പഴച്ചിക്കാവ് അടിപ്പാതയുടെ ഉയരം വർധിപ്പിക്കുന്നതിന് സാങ്കേതിക തടസ്സം നിലനിൽക്കുകയാണ്. നിർമാണ സമയത്തെ ആലോചനക്കുറവാണ് ഈ അടിപ്പാതയ്ക്ക് ഉയരം വർധിപ്പിക്കാൻ സാധിക്കാതെ പോയത്. ഉയരം കൂടിയ അടിപ്പാത ഊർപ്പഴച്ചിക്കാവ് റോഡിൽ നിർമിച്ചിരുന്നുവെങ്കിൽ എല്ലാ പ്രതിസന്ധിക്കും പരിഹാരമാകുമായിരുന്നുവെന്ന് വിലയിരുത്തുന്നു. അടിപ്പാത വേണമെന്നാവശ്യപ്പെടുന്ന എടക്കാട് ഒകെയുപി സ്‌കൂളിന് സമീപത്ത് സെപ്റ്റംബറിന് ശേഷം യാതൊരു നിർമാണപ്രവൃത്തിയും ആരംഭിച്ചിട്ടില്ല.
വാഹനങ്ങൾ തലങ്ങും വിലങ്ങും
എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം വാഹനങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല. തലശ്ശേരി, കണ്ണൂർ, നടാൽ, എടക്കാട് ബസാർ എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ സംഗമിക്കുന്നത് പെട്രോൾ പമ്പിന് മുന്നിലെ കവലയിലാണ്. തലശ്ശേരിയിൽനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ റോഡിലേക്ക് കയറുന്നതിനും നടാൽ ഭാഗത്തുനിന്ന് തലശ്ശേരി റോഡിലേക്ക് കയറുന്നതിനും ദിശാസൂചകങ്ങൾ ഒന്നുമില്ല. എതിരേ വരുന്ന വാഹനങ്ങൾ ഏത് ഭാഗത്തേക്ക് പോകുമെന്ന കാര്യത്തിൽ ഡ്രൈവർമാർ അങ്കലാപ്പിലാവുന്നതും കാണാം. ഏതുസമയവും അപകടമുണ്ടാകാമെന്ന് നാട്ടുകാരും പറയുന്നു. ഡ്രൈവ് ഇൻ ബീച്ചിൽനിന്ന് പടിഞ്ഞാറെ സർവീസ് റോഡ് വഴി കടന്നുവന്ന് ദേശീയപാതയിലേക്ക് കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങളും അപകടഭീഷണി ഉയർത്തുന്നു. ടൂറിസ്റ്റ് ബസുകൾ പഴയ ദേശീയപാതയിൽനിന്ന് തിരിക്കാൻ ശ്രമിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. ഇണ്ടേരി ക്ഷേത്രത്തിനടുത്ത് തലശ്ശേരിയിലേക്കുളള ദേശീയപാത അടച്ചത് കാരണം എടക്കാട് സർവീസ് റോഡിൽ വലിയ തോതിലുള്ള കുരുക്കുണ്ടാകുന്നുണ്ട്.
