പറശ്ശിനിക്കടവ് – മലപ്പട്ടം ബോട്ട് യാത്രയ്‌ക്ക് വഴിയൊരുങ്ങുന്നു
തളിപ്പറമ്പ് : പറശ്ശിനിക്കടവ്– മലപ്പട്ടം മുനന്പ് കടവ് ബോട്ട് യാത്രയ്‌ക്ക് വഴിയൊരുങ്ങുന്നു. പറശ്ശിനിക്കടവിൽനിന്ന് വളപട്ടണം പുഴയിലൂടെ കുറുമാത്തൂർ വഴി മലപ്പട്ടം മുനമ്പ് കടവിലേക്കാകും സർവീസ്. ഇത് പൊതുഗതാഗതത്തിനും മേഖലയിലെ ടൂറിസത്തിനും പുത്തനുണര്‍വ് പകരും. പറശ്ശിനിക്കടവ് മുതല്‍ മലപ്പട്ടം ഭാഗത്തേക്ക് പുഴയുടെ ആഴം കുറവായതിനാലാണ് ബോട്ട് ഗതാഗതം സാധ്യമല്ലാതിരുന്നത്. നിലവില്‍ മുനമ്പ് കടവില്‍ ബോട്ട് ജെട്ടി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ പുഴയുടെ ആഴം കൂട്ടിയാല്‍ ബോട്ട് സർവീസ് സാധിക്കുന്നതിനാലാണ് എം വി ഗോവിന്ദൻ എംഎൽഎയുടെ ശുപാർശയിൽ രണ്ടരക്കോടി രൂപ അനുവദിച്ച് ഭരണാനുമതിയായത്. പുഴയിൽ 5.85 കിലോമീറ്റർ ഭാഗത്തെ ആഴമാണ് വർധിപ്പിക്കുക. സർവേ നടത്തുന്നതിന് ഉൾനാടൻ ജലഗതാഗതവകുപ്പ്– സംസ്ഥാന ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി മലപ്പട്ടം മുനമ്പ് കടവ് ബോട്ട് ജെട്ടി സന്ദർശിച്ചു.
യാത്രാടൂറിസം വികസനത്തിൽ നാഴികക്കല്ലാകും
വളപട്ടണം പുഴയുടെ ഭാഗമായുള്ള നാല് തദ്ദേശ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുള്ള ബോട്ട് സർവീസ് ആന്തൂർ നഗരസഭ, മയ്യിൽ, കുറുമാത്തൂർ, മലപ്പട്ടം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. മാട്ടൂൽമുതൽ പറശ്ശിനിക്കടവുവരെ നിലവിലുള്ള ബോട്ട് സർവീസാണ് മലപ്പട്ടത്തേക്ക് നീട്ടുക. ഒന്നരമണിക്കൂറായിരിക്കും യാത്രാസമയമെന്നും കരുതുന്നു. പഞ്ചായത്ത് ആവശ്യപ്പെടുന്ന തരത്തിൽ ബോട്ടിന് സ്‌റ്റോപ്പ് അനുവദിക്കുന്നതും ആവശ്യമെങ്കിൽ ബോട്ട്‌ജെട്ടി നിർമിക്കുന്നതും പരിഗണിക്കും. പറശ്ശിനിക്കടവ് മുതൽ മലപ്പട്ടംവരെ പുഴയിൽ പല സ്ഥലങ്ങളിലും വേലിയേറ്റ സമയങ്ങളിൽ സുഗമമായ യാത്രയ്‌ക്ക് തടസ്സമുണ്ടാകില്ല. എന്നാൽ, വേലിയിറക്ക സമയത്ത് ആഴക്കുറവ് പ്രശ്‌നമാകുമെന്നതിനാലാണ് ഒന്നരമുതൽ രണ്ടരമീറ്റർവരെ ആഴം വർധിപ്പിക്കുന്നത്. മലപ്പട്ടത്തുനിന്ന് മയ്യിലിലേക്കുൾപ്പെടെ നേരത്തെ ധാരാളം തോണി സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പാലങ്ങൾ വന്നപ്പോൾ അവ നിലച്ചു. ജലഗതാഗതത്തിന്റെ സാധ്യതകൾക്കൊപ്പം ടൂറിസം സാധ്യതകളെകൂടി ഉപയോഗപ്പെടുത്തുന്നതിനാണ് ബോട്ട് സർവീസ് മലപ്പട്ടത്തേക്ക് നീട്ടുന്നത്. ഇതിന് മുന്നോടിയായി പുഴയുടെ ആഴം വർധിപ്പിക്കാൻ രണ്ടരക്കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ യാത്രാടൂറിസം വികസനത്തിൽ വലിയൊരു നാഴികക്കല്ലാകും ഇത്.
