ഇന്ന് മുതൽ ബാങ്കുകളിൽ നാലു നോമിനിയെ വെക്കാം; അതിൽ ഒരാൾ മരിച്ചാൽ പണത്തിന് അവകാശി ആര്?

Share our post

തിരുവനന്തപുരം: ഇന്ന് മുതൽ (നവംബർ ഒന്ന്) ബാങ്കിലെ നിക്ഷേപത്തിൽ ഒരാൾക്ക് നാലു വരെ അവകാശികളെ നോമിനേറ്റ് ചെയ്യാം. ഇതുവരെ നാമനിർദേശം ചെയ്യാവുന്നത് ഒരാളെ മാത്രം. ഇനിയങ്ങോട്ട് നാലു പേരെ വെക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഒരാളെ നോമിനിയായി വെച്ച് അയാളെ മുഴുവൻ തുകയുടെയും പിന്തുടർച്ചാവകാശിയാക്കാൻ ഇപ്പോഴും കഴിയും. നാലു പേരെ നോമിനിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. നോമിനിയായി നാലു പേരെ നിർദേശിക്കുകയാണെങ്കിൽ ആകെ തുകയുടെ കൃത്യം നാലിലൊന്നു വീതം ഓരോരുത്തർക്കും ലഭിക്കും. ഓരോരുത്തർക്കും ഇത്ര ശതമാനം വീതം നൽകണമെന്ന തരത്തിൽ നിർദേശിച്ചുകൊണ്ട് നോമിനിമാരുടെ പേര് ചേർക്കുകയുമാകാം. ആദ്യത്തെ പേരുകാരന് 20 ശതമാനം തുക നൽകണമെന്ന വ്യവസ്ഥ വെച്ചാൽ അത്രയും തുകക്കാണ് അയാൾക്ക് അർഹത.

നോമിനി മരിച്ചാൽ

ഡിപ്പോസിറ്റിൽ അർഹതപ്പെട്ട വിഹിതം കൈപ്പറ്റുന്നതിനു മുമ്പ് നോമിനിമാരിൽ ഒരാൾ മരിച്ചു എന്നു കരുതുക. ആ നോമിനേഷൻ അസാധുവായി മാറും. അതായത്, മരിച്ചയാളുടെ ആശ്രിതർക്ക് തുക കിട്ടില്ല. അങ്ങനെയൊരാളെ നോമിനിയായി വെച്ചില്ല എന്ന വിധത്തിലാണ് അവകാശത്തെ പരിഗണിക്കുക. ഫലത്തിൽ ബാക്കിയുള്ള നോമിനിമാർക്ക് ഈ തുക കൂടി കിട്ടും. ഒരാൾ കഴിഞ്ഞ് മറ്റൊരാൾ, അതുകഴിഞ്ഞ് മൂന്നാമതൊരാൾ എന്ന വിധത്തിലും നോമിനിയെ വെക്കാം. ഇങ്ങനെയാണെങ്കിൽ ഒരാളുടെ മരണശേഷമാണ് രണ്ടാമന് തുകക്ക് അർഹത ലഭിക്കുക. രണ്ടാമന്റെയും മരണശേഷം മൂന്നാമന്. ഏറ്റവും ഒടുവിൽ പേരുവെച്ചയാൾക്ക് തുകയുടെ അവകാശം ലഭിക്കുന്നത് മുകളിൽ പേരുള്ള എല്ലാവരുടെയും മരണശേഷം മാത്രം.

ലോക്കറിൽ വിഹിതം നിർദേശിക്കാനാവില്ല

ഇനി ബാങ്ക് ലോക്കറിൽ വെച്ചിട്ടുള്ള സ്വത്തിന്റെ കാര്യം പരിശോധിക്കാം. ലോക്കറിന്റെ നോമിനിയായി ഒരാളെ വെച്ചാൽ, നിങ്ങളുടെ മരണശേഷം ലോക്കറിലെ ആസ്‌തിയുടെ അവകാശം അയാൾക്കാണ്. ലോക്കറിന്റെ കാര്യത്തിലും നാലു വരെ നോമിനികളെ വെക്കാം. പക്ഷേ, ഡിപ്പോസിറ്റിന്റെ കാര്യത്തിലെന്ന പോലെ ഓരോരുത്തർക്കുമുള്ള വിഹിതം നിശ്ചയിച്ചു വെക്കാൻ കഴിയില്ല. പിന്തുടർച്ചാവകാശം പോലെയാകാം. അതായത്, നോമിനിമാരിലെ ആദ്യ പേരുകാരൻ്റെ മരണ ശേഷം മാത്രം രണ്ടാമന്, രണ്ടാമനു ശേഷം മൂന്നാമന് എന്നിങ്ങനെ വ്യവസ്ഥ ചെയ്യാം. ഇതൊക്കെ കൊച്ചുകൊച്ചു കാര്യങ്ങളായി തോന്നാം. എന്നാൽ നിങ്ങളുടെ കാലശേഷം സ്വത്ത് എങ്ങനെ വിഭജിക്കപ്പെടുന്നു എന്ന് ചിന്തിച്ചാൽ ഇതത്രയും പ്രധാനപ്പെട്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!