ലേണേഴ്സ് ടെസ്റ്റിൽ കൂട്ടത്തോൽവി; ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിൽ വട്ടംകറക്കി ‘കാപ്ച’
ആലപ്പുഴ : ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് മുന്നോടിയായുള്ള ലേണേഴ്സിനുള്ള ഓൺലൈൻ പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതാണ് കൂട്ടത്തോൽവിക്ക് കാരണമെന്നാണ് അപേക്ഷകർ പറയുന്നത്. മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളായി. ഇതിൽ 18-എണ്ണത്തിന് ഉത്തരം നൽകിയാലേ ജയിക്കൂ. കാപ്ച രൂപത്തിൽ നൽകേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടംകറക്കുന്നത്. ചോദ്യാവലിയിൽ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് കാപ്ച അടിച്ചു നൽകിയാണ്. ഓരോ മൂന്ന് ചോദ്യത്തിനുശേഷവും ഇതാവർത്തിക്കും. അതിനാൽ കംപ്യൂട്ടർ ടൈപ്പിങ്ങിൽ വലിയ വേഗം ഇല്ലാത്തവർക്കും വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവർക്കും അധികംസമയം വേണ്ടി വരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കൻഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരിക്കുന്ന സമയം.
പരീക്ഷ എഴുതുന്ന 80 ശതമാനം േപർക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതി. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്പരുകളും അടങ്ങുന്നതാണ് കാപ്ച. 30 ചോദ്യത്തിനും ഉത്തരം നൽകുന്നവർക്ക് ഒൻപത് കാപ്ച ഉത്തരം നൽകേണ്ടി വരും. പരീക്ഷയിൽ തോറ്റാൽ വീണ്ടും അപേക്ഷിക്കണം. നിലവിൽ ലേണേഴ്സ് പരീക്ഷയ്ക്ക് തീയതി ലഭിക്കാൻ നാളുകൾ കാത്തിരിക്കണം. ഇത് വിജയിച്ചാൽ മാത്രമേ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. പലതവണ പരീക്ഷ എഴുതിയാലേ ലേണേഴ്സ് കിട്ടൂവെന്ന സ്ഥിതിയാണെന്ന് അപേക്ഷകർ പറയുന്നു. ടെസ്റ്റ് തീയതിക്കായി മാസങ്ങൾ കാത്തിരിക്കേണ്ടതിനാൽ ജോലിക്ക് പോകുന്നവരും വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. ഒന്നിലേറെ പ്രാവശ്യം ടെസ്റ്റിന് ഹാജരാകേണ്ടതിനാൽ കൂടുതൽ അവധി എടുക്കേണ്ടിവരും. ഉത്തരേന്ത്യയിൽ ഏജന്റുമാർ ലേണേഴ്സ് സർട്ടിഫിക്കറ്റ് കൃത്രിമമായി നൽകുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് തട്ടിപ്പുതടയുന്നതിനും സുരക്ഷയ്ക്കുമായി നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) ടെസ്റ്റിനിടയിൽ ഇടവിട്ട് ക്യാപ്ച കൊണ്ടുവന്നതെന്ന് അധികൃതർ പറഞ്ഞു.
