നാളെ മുതൽ വൻ ഓഫറുകളുമായി സപ്ലൈകോ; 50 വർഷ ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസത്തേക്ക് വിലക്കുറവ്

Share our post

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നം നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് ലഭിക്കും. വൈകിട്ട് അഞ്ചിന് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉൽപ്പന്നങ്ങൾക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും. സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വിലക്കുറവും ഓഫറുകളും നൽകുന്നത്. നവംബർ ഒന്നു മുതൽ 50 ദിവസത്തേക്കാണ് ഈ പദ്ധതികൾ നടപ്പാക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!