വേസ്റ്റ് വലിച്ചെറിഞ്ഞാൽ തിരിച്ച് വലിച്ചെറിയും; വേറിട്ട ശുചീകരണയജ്ഞവുമായി അധികൃതർ
ബംഗളുരു: പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ വേറിട്ട ഒരു ശുചീകരയജ്ഞവുമായി ‘ഗ്രേറ്റർ ബംഗളൂരു അതോറിറ്റി’. റോഡരികിൽ ചവറ് തള്ളുന്നവരെ കണ്ടെത്തി, ആ മാലിന്യം തിരികെ അവരുടെ വീട്ടുപടിക്കൽ കൊണ്ടിടുന്ന റിട്ടേൺ ഗിഫ്റ്റ് എന്ന രീതിയാണ് നഗരസഭയായ ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഇപ്പോൾ നടപ്പാക്കുന്നത്. ‘കസ സുരിയുവാ ഹബ്ബ’ (ചവറ് തള്ളൽ ഉത്സവം) എന്ന് പേരിട്ട ഈ കാമ്പയിൻ നഗരവാസികളിൽ ഉത്തരവാദിത്തബോധം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. വീടുകൾ തോറും ചവറ് ശേഖരിക്കാൻ ഓട്ടോകളുണ്ടായിട്ടും പലരും രാത്രികാലങ്ങളിൽ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് പതിവായതോടെയാണ് ശക്തമായ നടപടിയുമായി അധികൃതർ രംഗത്തുവന്നത്. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ സിവിക് മാർഷൽമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. തുടർന്ന് ഇവരുടെ വീടുകൾ കണ്ടെത്തി അവർ റോഡിൽ തള്ളിയ അതേ മാലിന്യം വീടിന്റെ പടിക്കൽ കൊണ്ടുവന്ന് നിക്ഷേപിക്കും.മാലിന്യം തള്ളുന്നവരിൽ നിന്ന് 2,000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. പിഴയടച്ച് ബോധവൽക്കരണം നടത്തിയ ശേഷം മാത്രമാണ് അധികൃതർ ഈ മാലിന്യം നീക്കം ചെയ്യുക. ആദ്യ ദിനം തന്നെ നഗരത്തിലെ 218 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കുകയും 2.8 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
