കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുത്- കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: അന്വേഷണ ഉദ്യോഗസ്ഥര്‍ കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. ശബരിമല സ്വര്‍ണക്കൊള്ളയടക്കം സുപ്രധാന കേസുകളുടെ അന്വേഷണം തുടരുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലറെന്നാണ് വിശദീകരണം. പ്രതികളുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നത് കൂടാതെ അന്വേഷണ പുരോഗതി മാധ്യമങ്ങളിലൂടെ പുറത്തുവിടരുതെന്ന നിര്‍ദേശവും സര്‍ക്കുലറിലുണ്ട്. ഈ മാസം 29-നാണ് ഇതു സംബന്ധിച്ച പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ ഇറങ്ങിയത്.
അന്വേഷണം നടക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. വാര്‍ത്താ സമ്മേളനം നടത്തി പ്രതികളുടെ കുറ്റസമ്മതമൊഴി വിവരങ്ങളടക്കം പുറത്തുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി നിരവധി ഉത്തരവുകള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും കേസുകളുടെ അന്വേഷണ പുരോഗതി മാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ വിവരിക്കുന്ന നടപടി തുടരുകയാണ്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ കേസുകളുടെ വിചാരണയെ ബാധിക്കും. കേസുകളുടെ കുറ്റസമ്മതമൊഴി കോടതിക്കു മുന്നില്‍ പ്രധാന തെളിവല്ല. എന്നാല്‍, പ്രതി കുറ്റവാളിയെന്ന് അന്വേഷണ ഉദ്യോസ്ഥര്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ വിധിക്കുന്നു. പിന്നീട് വിചാരണയ്‌ക്കൊടുവില്‍ പ്രതിയെ വെറുതെവിട്ടാല്‍ കോടതിയും അന്വേഷണ ഏജന്‍സിയും പൊതുജന രോഷത്തിന് ഇരയാകാറുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് അന്വേഷണ വിവരം പുറത്തുവിടുന്നത് ഹൈക്കോടതി നേരത്തേ നിയന്ത്രിച്ചിരുന്നത്. ഈ നിയന്ത്രണം ലംഘിക്കുന്നത് അനുവദിക്കാനാകില്ല. നിര്‍ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും പ്രത്യേക കേസ് ചൂണ്ടിക്കാട്ടിയല്ല സര്‍ക്കുലര്‍.
