ബാരാപോൾ നഷ്ടപ്പെടുത്തിയത് 25 കോടി രൂപയുടെ വൈദ്യുതി
ഇരിട്ടി: കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (കെഎസ്‌ഇബി) കെടുകാര്യസ്ഥതമൂലം ബാരാപോൾ മിനി ജലവൈദ്യുതിപദ്ധതി വഴി ചോർന്ന് അറബിക്കടലിലേക്കൊഴുകിയത് കോടിക്കണക്കിന് രൂപയുടെ വൈദ്യുതോർജം. ഏറ്റവും കൂടുതൽ ഉത്പാദനം നടത്താവുന്ന കഴിഞ്ഞ നാലുമാസവും ഒരു യൂണിറ്റ് വൈദ്യുതിപോലും ഉത്പാദിപ്പിക്കാനായില്ല. 25 കോടി രൂപയുടെ വൈദ്യുതിയാണ് ഇതുവഴി നഷ്ടമായതെന്നാണ് കണക്ക്. കനാൽ തകരുന്നതിന് മുൻപ് ഈ വർഷം ആകെ ഉത്പാദിപ്പിക്കാനായത് 5.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രം. തകർന്ന കനാൽഭാഗം പുതുക്കിപ്പണിയുന്നതിന് കെഎസ്ഇബി സിവിൽ വിഭാഗം 52 കോടിയുടെ അടങ്കൽ സമർപ്പിച്ചിട്ട് മാസങ്ങൾ ആയെങ്കിലും ഭരണാനുമതി നൽകിയിട്ടില്ല. കനാലിന്റെ അപകടഭീഷണിയിലുള്ള ഒന്നരക്കിലോമീറ്റർ ഭാഗം പൊളിച്ചുനീക്കി പുതിയ കനാൽ നിർമിക്കാനുള്ള പദ്ധതിയാണ് നീളുന്നത്. ഈ പ്രവൃത്തി വൈകുന്നത് അടുത്ത വർഷത്തെയും തുടർന്നുള്ള വർഷത്തെയും ഉത്പാദനത്തെ ബാധിക്കും. സോയിൽ പൈപ്പിങ് പ്രതിഭാസമാണ് കനാലിന്റെ തകർച്ചയ്ക്ക് കാരണമെന്ന് കെഎസ്ഇബി സിവിൽ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നാലുകിലോമീറ്റർ കനാൽ ശൃംഖലയിൽ 1.5 കിലോമീറ്റർ കോൺക്രീറ്റ് നടത്താതെയാണ് നിർമിച്ചത്. ആ ഭാഗത്ത് തുടക്കംമുതൽ ചോർച്ച കണ്ടെത്തിയിരുന്നു. അത് പുർനിർമിക്കാനാണ് അടങ്കൽ തയ്യാറാക്കിയിരിക്കുന്നത്.
നിർമിച്ചത് കളിപ്പാട്ടം ഉണ്ടാക്കുന്നലാഘവത്തോടെയെന്ന് ആരോപണം
ബ്രഹ്മഗിരി വനമേഖലയിൽനിന്ന് ബാരാപോൾ പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഒഴുക്കിവിടാനുള്ള കനാൽ നിർമിച്ചത് കളിപ്പാട്ടം ഉണ്ടാക്കുന്ന ലാഘവത്തോടെയാണെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. കനാലിന്റെ അടിഭാഗം ബലപ്പെടുത്താൻ എൻഡിപിഇ ഷീറ്റ് ഉപയോഗിക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. ഉപയോഗിച്ചതാകട്ടെ പ്ലാസ്റ്റിക് ഷീറ്റും. ഇരുവശങ്ങളിലും 15 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നതിന് പകരം കോൺക്രീറ്റ് വാരിപ്പൊതിഞ്ഞതും ചോർച്ചയ്ക്ക് കാരണമാക്കി. മൂന്നുകിലോമീററർ കനാലിന്റെ അരികുഭിത്തിയുെട വീതി 15 സെന്റിമീറ്ററിന് പകരം അഞ്ച് സെന്റിമീറ്ററാക്കി. കനാലിൽ 12 എംഎം കമ്പി രണ്ട് പാളിയായി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യണം. അതിന് പകരം കമ്പിയുടെ വലുപ്പം എട്ട് എംഎം ആക്കിയതും ശേഷിയെ ബാധിച്ചു. മണ്ണ് ഒലിച്ചിൽ പ്രതിഭാസമുള്ള മേഖലയാണെന്ന് ജിയോളജിവിഭാഗം നേരത്തേ കണ്ടെത്തിയിട്ടും അതിനെ പ്രതിരോധിക്കാനുള്ള ഒരുനടപടിയും നിർമാണസമയത്ത് സ്വീകരിച്ചില്ല. നിർമാണത്തിൽ വീഴ്ച ഉണ്ടായതായും ഉന്നത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും കെഎസ്ഇബിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം ശുപാർശ ചെയ്തിരുന്നു. ഒരാൾക്കെതിരേയും നടപടിയുണ്ടായില്ല. വൈദ്യുതിമന്ത്രി പദ്ധതി പ്രദേശത്ത് നേരിട്ടെത്തി പരിശോധന നടത്തിയിട്ടും തുടർനടപടി ഉണ്ടായിട്ടില്ല.
