2026 ജെഇഇ മെയിന്‍; നവംബര്‍ ഒന്നുമുതല്‍ ‘സാഥി’യിലൂടെ സൗജന്യമായി തയ്യാറെടുക്കാം
തിരുവനന്തപുരം: 2026 ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് നാല്‍പ്പത് ദിവസത്തെ ക്രാഷ് കോഴ്‌സ് ആരംഭിച്ച് ഐഐടി കാന്‍പുര്‍. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന കോഴ്‌സ് സൗജന്യമായി ഉപയോഗിക്കാം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുവാനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. ഐഐടിയിലെ വിദഗ്ധര്‍ നയിക്കുന്ന മെന്റര്‍ഷിപ്പ് ക്ലാസുകള്‍, വിവിധ സെഷനുകള്‍, ലൈവ് റെക്കോഡഡ് സെഷനുകള്‍, ഇന്ററാക്ടീവ് സെഷന്‍, മോക്ക് ടെസ്റ്റ്, സംശയനിവാരണത്തിനുള്ള അവസരം എന്നിവ ഇതിലൂടെ ലഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംരംഭമായ ‘സാഥി’ (SATHEE- Self Assessment Test and Help for Entrance Exams)യുടെ കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാന്‍പുര്‍ ആണ് സൗജന്യ ക്രാഷ് കോഴ്‌സിനുള്ള അവസരം ഒരുക്കുന്നത്.
ഇന്ത്യയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള കുട്ടികളെ ഉള്‍പ്പെടുത്തുന്നതിനാല്‍ കുട്ടികള്‍ക്ക് മോക്ക് ടെസ്റ്റിലൂടെ കൃത്യമായ പുരോഗതി മനസ്സിലാക്കാന്‍ സാധിക്കും. വ്യക്തിഗത പുരോഗതി നിരീക്ഷിക്കുന്നതിനായി എഐ അടിസ്ഥാനമാക്കിയിട്ടുള്ള പെര്‍ഫോമന്‍സ് അനലിറ്റിക്‌സും ലഭ്യമാകും. രാവിലെ പത്ത് മണി മുതല്‍ ആറ് മണിവരെയാണ് മെന്റര്‍ഷിപ്പ്, സംശയനിവാരണം, സെഷനുകള്‍ക്കുമുള്ള സൗകര്യം. സാഥി പ്ലാറ്റ്‌ഫോം വഴിയും അതിന്റെ മൊബൈല്‍ ആപ്പ് വഴിയും കുട്ടികള്‍ക്ക് ക്രാഷ് കോഴ്‌സിനായി ചേരാം. ഗുണമേന്മയുള്ള പഠനം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സാഥിയിലൂടെ ലക്ഷ്യമിടുന്നത്. ജെഇഇ കൂടാതെ വിവിധ മത്സര പരീക്ഷകളായ നീറ്റ്, സിയുഇടി, ക്ലാറ്റ്, ഐസിഎആര്‍, എസ്എസ്‌സി, ആര്‍ആര്‍ബി, ഐബിപിഎസ് തുടങ്ങിയവയ്ക്കും സൗജന്യമായി പരിശീലന പിന്തുണ ഇതിലൂടെ നല്‍കുന്നുണ്ട്. പന്ത്രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ സാഥി ലഭ്യമാക്കാനുള്ള പ്രവര്‍ത്തികള്‍ നടക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സാഥിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sathee.iitk.ac.in– ലൂടെ രജിസ്റ്റര്‍ ചെയ്യാം.
