എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്
തിരുവനന്തപുരം :അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി. മകള്‍ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്. എം എം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പുനഃപരിശോധനാ ഹര്‍ജി. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് മകള്‍ ആശ ലോറന്‍സ് പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
2024 സെപ്റ്റംബര്‍ 21നാണ് ലോറന്‍സ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകന്‍ എം.എല്‍.സജീവന്‍ പിതാവിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടു നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് മകള്‍ രംഗത്തു വന്നത്. ലോറന്‍സിനെ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശാ ലോറന്‍സാണ് ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനേയും പിന്നീട് ഡിവിഷന്‍ ബെഞ്ചിനേയും സമീപിച്ചത്. ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് തനിക്ക് സ്വര്‍ഗത്തില്‍ പോയി യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് സംസ്‌കരിക്കണമെന്നും ലോറന്‍സ് പറയുന്ന ശബ്ദ സന്ദേശം സഹിതം ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
