എസ്ഐആർ: 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ മാതാപിതാക്കളുടെ പൗരത്വ രേഖയും നൽകണം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച എസ്ഐആർ മാനദണ്ഡ പ്രകാരം 2002 ലെ കേരളത്തിലെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുകയും 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവരുമാണെങ്കിൽ പേരുചേർക്കൽ ഫോം പൂരിപ്പിച്ച് നൽകിയാൽ മാത്രം മതി. എന്നാൽ 2002 വോട്ടർപ്പട്ടികയിൽ ഉൾപ്പെടാതെ പോയവരുടെ കാര്യത്തിൽ പൗരത്വം തെളിയിക്കുന്നതിനായി കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഏതെങ്കിലുമൊന്ന് സമർപ്പിക്കണം. 1987 ജൂലൈ ഒന്നിന് ശേഷം ജനിച്ചവർ കേരളത്തിലെ 2002 വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടവരല്ല. ഇവർ ഇപ്പോഴത്തെ പേരുചേർക്കൽ ഫോമിനോപ്പം സ്വന്തം പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയും ഒപ്പം മാതാപിതാക്കളിൽ ഒരാളുടെയെങ്കിലും പൗരത്വം തെളിയിക്കുന്ന രേഖയും നൽകണം. 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവരാണെങ്കിൽ സ്വന്തം പൗരത്വ രേഖയ്ക്കൊപ്പം അച്ഛന്റെയും അമ്മയുടെയും പൗരത്വം തെളിയിക്കുന്ന രേഖകൾ കൂടി സമർപ്പിക്കണം. 12–ാമത്തെ രേഖയായി ആധാർ കൂടി സമർപ്പിക്കാമെങ്കിലും ഇത് പൗരത്വം തെളിയിക്കുന്ന രേഖയായി പരിഗണിക്കില്ലെന്ന് തന്നെയാണ് കമീഷൻ ഇപ്പോഴും സ്വീകരിച്ചിട്ടുള്ള നിലപാട്.
എന്തുകൊണ്ട് 1987 ജൂലൈ ഒന്ന്
1955 ലെ പൗരത്വ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് 1987 ജൂലൈ ഒന്ന് എന്ന തീയതിയെ പ്രസക്തമാക്കുന്നത്. 1986 ൽ പൗരത്വ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി വരെ 1950 ജനുവരി 26 ന് ശേഷം ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും സ്വഭാവികമായി പൗരത്വം ലഭിക്കുന്ന രീതിയാണ് നിലനിന്നത്. എന്നാൽ ഭേദഗതിയോടെ 1987 ജൂലൈ ഒന്നിന് ശേഷം ജനിച്ചവർക്ക് പൗരത്വം കിട്ടണമെങ്കിൽ മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം വേണമെന്ന നിബന്ധനയായി. 2003 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവരുടെ കാര്യത്തിൽ പൗരത്വത്തിന് മാതാപിതാക്കൾ ഇന്ത്യൻ പൗരൻമാരായിരിക്കണമെന്ന നിബന്ധന കൊണ്ടുവന്നു. അതല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ അനധികൃത കുടിയേറ്റത്തിലൂടെ എത്തിയതല്ലെന്ന് ഉറപ്പുവരുത്തണം. ഇപ്പോൾ എസ്ഐആറിന്റെ കാര്യത്തിൽ ഇൗ മൂന്ന് തീയതികൾ പ്രസക്തമാകുന്നത് പൗരത്വ നിയമത്തിലെ ഭേദഗതികൾ കാരണമാണ്.
കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകൾ
1. കേന്ദ്ര– സംസ്ഥാന സർക്കാരുകളോ പൊതുമേഖലാ സ്ഥാപനമോ സ്ഥിരം ജീവനക്കാരന് അല്ലെങ്കിൽ സ്ഥിരജോലിയിൽ നിന്ന് വിരമിച്ചവർക്ക് നൽകുന്ന തിരിച്ചറിയൽ കാർഡ്, പെൻഷൻ പെയ്മെന്റ് ഉത്തരവ്.
2. 1987 ജൂലൈ ഒന്നിന് മുമ്പായി സർക്കാർ\പ്രാദേശിക അധികൃതർ\ ബാങ്ക്\ പോസ്റ്റ്ഓഫീസ്\ എൽഐസി\പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ.
3. ജനന സർട്ടിഫിക്കറ്റ്.
4. പാസ്പോർട്ട്
5. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, അംഗീകൃത ബോർഡുകളോ സർവ്വകലാശാലകളോ നൽകിയിട്ടുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
6. സ്ഥിരതാമസ സർട്ടിഫിക്കറ്റ്
7. വനാവകാശ സർട്ടിഫിക്കറ്റ്
8. ജാതി സർട്ടിഫിക്കറ്റ്
9. ദേശീയ പൗരത്വ രജിസ്റ്റർ ( അത് ഉള്ളയിടങ്ങളിൽ)
10. സംസ്ഥാന– പ്രാദേശിക അധികൃതർ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ
11. സർക്കാരിന്റെ ഭൂമി– വീട് അനുവദിക്കൽ സർട്ടിഫിക്കറ്റ്.
ഇൗ 11 രേഖകൾക്ക് പുറമെ ആധാർ കാർഡും സമർപ്പിക്കാമെങ്കിലും തിരിച്ചറിയൽ രേഖയായി മാത്രമേ പരിഗണിക്കൂ. പൗരത്വ രേഖയായി കണക്കാക്കില്ല.
