പാതിവഴിയിൽ ഓട്ടം നിർത്തുന്ന ബസുകളെ പിടിക്കാൻ മോട്ടോർവാഹന വകുപ്പ്
ഇരിട്ടി : മലയോരമേഖലയിലും ഗ്രാമീണമേഖലയിലും പാതിവഴിയിൽ ഓട്ടം നിർത്തുന്ന സ്വകാര്യ ബസുകളെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ്. പെർമിറ്റ് കൈക്കലാക്കിയശേഷം പേരിന് ഒന്നോ രണ്ടോ മാസം ഓടി ഗ്രാമീണ റൂട്ട് അവഗണിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് നടപടിയാരംഭിച്ചത്. ബസ് റൂട്ടുണ്ടായിട്ടും ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുന്ന നാട്ടുകാരുടെ ദുരിതം പരാതികളായി മാറിയതോടെയാണിത്. മലയോരമേഖലയിലും ഒറ്റപ്പെട്ട ഗ്രാമീണമേഖലയിലുമുള്ളവരാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. ജില്ലയിലെ പ്രധാന ബസ്‌സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. രാത്രിപരിശോധനയ്ക്കൊപ്പം രാവിലെയും പരിശോധനയുണ്ടാകും. ഗ്രാമമേഖലയിൽനിന്ന് മലയോരമേഖലയിൽനിന്ന് പ്രധാന ടൗണുകൾ വഴി തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ട്രിപ്പുകൾ പാതിവഴിയിൽ അവസാനിപ്പിക്കുന്നത്.
ചില റൂട്ടുകളിൽ രാവിലെയും മറ്റ് ചില റൂട്ടുകളിൽ വൈകുന്നേരവുമാണ് ഓടാത്തത്. ചില മേഖലകളിൽ രാവിലെയും വൈകുന്നേരവും ഒഴിച്ചുള്ള സമയങ്ങളിലൊന്നും ഇത്തരം ബസുകൾ എത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കളക്ഷൻ നോക്കിയുള്ള ഓട്ടമാണ് ഇത്തരം റൂട്ടുകളിൽ യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. ഇരിട്ടി, മണിക്കടവ്-ശാന്തിനഗർ റൂട്ടിലോടുന്ന ബസുകൾ മണിക്കടവിൽ ഓട്ടംനിർത്തുന്നതിനാൽ ശാന്തിനഗർ മേഖലയിലുള്ളവർ അനുഭവിക്കുന്ന പ്രയാസമേറെയാണ്. തളിപ്പറമ്പ്-ശ്രീകണ്ഠപുരം-ഇരിട്ടി-ആറളം റൂട്ടിലോടുന്ന ബസുകൾ ചില സർവീസുകൾ ഇരിട്ടിയിൽ അവസാനിപ്പിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം റൂട്ടുകളിൽ ജനങ്ങളിൽനിന്നുള്ള പരാതിയെത്തുടർന്ന് ഇരിട്ടി മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഇ.എസ്.ഉണ്ണികൃഷ്ണൻ, മോട്ടോർവാഹന വകുപ്പ് ഉദ്ദ്യോഗസ്ഥരായ സി.എ.പ്രദീപ്കുമാർ, ഇ.കെ.അജീഷ്, വിവേക് രാജ്, സുധീർ, സന്തോഷ്‌കുമാർ, എംവിഐ ബിജു, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനിൽകുമാർ, ജിതിൻ എന്നിവർ നേതൃത്വം നൽകി.
