സ്‌കൂൾ പാചക തൊഴിലാളികൾ സമരത്തിലേക്ക്
തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ശേഷിക്കെ വേതനവർദ്ധന അടക്കമുളള വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ സ്‌കൂൾ പാചക തൊഴിലാളികൾ സമരത്തിലേക്ക്. നവംബർ 15ന് വയനാട് കളക്ടറേറ്റിന് മുന്നിലും 22ന് കോതമംഗലം ഉപജില്ല ഓഫീസിനു മുന്നിലും സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബർ ഒന്നിന് തൃശൂരിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകും. കേരളത്തിലെ സർക്കാരുകൾ മുന്നണിഭേദമില്ലാതെ, വർഷവും 50 രൂപ വീതം ദിവസവേതനത്തിൽ വർദ്ധന നൽകിയിരുന്നു. എന്നാൽ, അഞ്ച് ബഡ്ജറ്റുകളിലും വർദ്ധന നൽകാതെ രണ്ടാം എൽ.ഡി.എഫ് സർക്കാർ പാടെ അട്ടിമറിച്ചുവെന്നാണ് തൊഴിലാളികളുടെ പരാതി. പാചക തൊഴിലാളികൾക്ക് മിനിമം കൂലി നടപ്പിലാക്കുന്നതിന് 2013ൽ യു.ഡി.എഫ് സർക്കാർ ഇവരെ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്കകം നൽകിയിരുന്ന വ്യവസ്ഥയും സർക്കാർ അവസാനിപ്പിച്ചു. നിരന്തരമായി സമരം നടത്തിയും കോടതിയിൽ കേസ് നടത്തിയുമാണ് തൊഴിലാളികൾക്ക് ഇപ്പോൾ വേതനം ലഭിക്കുന്നത്. 2016ൽ എൽ.ഡി.എഫ് സർക്കാർ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് മിനിമം കൂലിയും അനുബന്ധ ആനുകൂല്യങ്ങളും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ നിലവിലെ സർക്കാർ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ നിന്ന് തന്നെ പാചകതൊഴിലാളികളെ ഒഴിവാക്കി 2023ൽ ഉത്തരവിറക്കിയെന്നാണ് ആക്ഷേപം.
