മുരാരി ബാബു അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാമത്തെ അറസ്റ്റ്;ദേവസ്വം ബോര്‍ഡിന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരത്തെ ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുരാരി ബാബുവിനെ വ്യാഴാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങളിലാണ് അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തേ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. 2019 ജൂണ്‍ 17-നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശില്‍പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരി ബാബു ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് സ്വര്‍ണംപൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി. 2024-ല്‍ ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലകശില്‍പങ്ങളിലെ അടുത്ത അറ്റകുറ്റപ്പണിക്കും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാര്‍ശ. എന്നാല്‍, ദേവസ്വം ബോര്‍ഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും സ്വര്‍ണം പൂശുന്നതിന് എത്തിക്കുന്നതും മുരാരി ബാബുവാണ്.1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്പുപാളി എന്ന് എഴുതുകയായിരുന്നു.
