കിൻഫ്ര വ്യവസായ പാർക്കിന് അക്വയർ ചെയ്ത സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനം

Share our post

പാനൂർ: വള്ള്യായി നവോദയ കുന്നിൽ കിൻഫ്ര വ്യവസായ പാർക്കിന് അക്വയർ ചെയ്ത സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനം. ഈ പ്രദേശത്ത് ഖനനം നിരോധിച്ച് രണ്ടു വർഷം തന്നെ മുമ്പ് കലക്ടർ ഉത്തരവിറക്കിയിരുന്നു. നിരോധന ഉത്തരവ് ലംഘിച്ചാണ് കഴിഞ്ഞ ഒരാഴ്ചയായി രാപ്പകൽ ഭേദമന്യേ ചെങ്കൽ ഖനനം നടക്കുന്നത്. റവന്യൂ, ജിയോളജി വിഭാഗത്തിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി ഖനന സ്ഥലത്തെ പരിസരങ്ങളിൽ പ്രത്യേകം ആളുകളെ നിർത്തിയാണ് ഖനനം.വള്ള്യായി നവോദയ കുന്ന് പരിസരത്തെ പുത്തൂർ, മൊകേരി, ചെറുവാഞ്ചേരി, പാട്യം വില്ലേജുകളിലുൾപ്പെട്ട 526 ഏക്കർ ഭൂമിയാണ് നിർദിഷ്ട കിൻഫ്ര പാർക്കിനായി ഏറ്റെടുത്തത്. ഇതിൽ മൊകേരി വില്ലേജ് പരിധിയിലുള്ള സ്ഥലത്താണ് അനധികൃത ഖനനം ഇപ്പോൾ തകൃതിയായി നടക്കുന്നത്. കിൻഫ്ര പാർക്ക് നിർമിക്കാനുള്ള സാങ്കേതിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അനധികൃത ചെങ്കൽ ഖനനം. പരിസരവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് അനധികൃത ഖനനം സംബന്ധിച്ച് റിപ്പോർട്ട് തലശ്ശേരി തഹസിൽദാർക്ക് കൈമാറിയതായി മൊകേരി വില്ലേജ് ഓഫിസർ നീമ ‘മാധ്യമ’ത്തോട് പറഞ്ഞു. ഖനന നിരോധന ഉത്തരവ് നിലനിൽക്കെ പുത്തൂർ, ചെറുവാഞ്ചേരി വില്ലേജ് പരിധികളിൽപ്പെട്ട നിർദിഷ്ട കിൻഫ്ര പാർക്കിന്റെ സ്ഥലങ്ങൾ കൈയേറി ഖനനം നടത്തിയത് അധികൃതർ കണ്ടെത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!