ലഹരി പരിശോധന; ജില്ലയിൽ ഈ വർഷം 6455 കേസുകൾ, 1700 അറസ്റ്റ്
കണ്ണൂർ: മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും വർധിച്ചതിനു പിന്നാലെ പരിശോധന കടുപ്പിച്ച് എക്സൈസും പൊലീസും. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും യുവതികളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനകം പിടികൂടിയത്. പൊലീസ് പിടികൂടിയ കണക്കുകൾ ഇതിനുപുറമെയാണ്. ഈ വർഷം ജനുവരി ഒന്നു മുതൽ ഒക്ടോബർ 15 വരെ ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 6455 കേസുകളാണ്. 1700 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിൽ 1351 അബ്കാരി കേസും, 597 മയക്കുമരുന്ന് കേസും 4507 പുകയില കേസുമാണ് രജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 1101 പേരെയും മയക്കുമരുന്ന് കേസുകളിൽ 599 പേരെയുമാണ് അറസ്റ്റ് ചെയ്തത്. 75 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.മയക്കുമരുന്ന് ഇടപാടുകാരിൽ നിന്ന് 34,70,000 രൂപ പിടികൂടിയിട്ടുണ്ട്. പുകയില പിടികൂടിയ വകയിൽ 8,99,800 രൂപ പിഴയീടാക്കിയിട്ടുണ്ട്. സ്പിരിറ്റ് – 6,600 ലിറ്റർ, ചാരായം -236.15 ലിറ്റർ, വിദേശമദ്യം – 3467.605 ലിറ്റർ, വ്യജ മദ്യം-53.35 ലിറ്റർ, വാഷ് -18585 ലിറ്റർ, ബിയർ -16.25 ലിറ്റർ, കള്ള് -20.9 ലിറ്റർ, മറ്റ് സംസ്ഥാനങ്ങളിലെ മദ്യം – 651.795 ലിറ്റർ, കഞ്ചാവ് -70.685 കി.ഗ്രാം, കഞ്ചാവ് ചെടികൾ 11 എണ്ണം, ഹൈബ്രീഡ് കഞ്ചാവ് -138.186 ഗ്രാം, എൽ.എസ്.ഡി – 0.036 ഗ്രാം, എം.ഡി.എം.എ -94.219 ഗ്രാം, മെത്താം ഫിറ്റമിൻ -462.036 ഗ്രാം, ഹാഷിഷ് ഓയിൽ -62.862 ഗ്രാം, ബ്രൗൺഷുഗർ -0.612 ഗ്രാം, ചരസ്-2.043 ഗ്രാം, ഹെറോയിൻ -7.815 ഗ്രാം, മൊബൈൽ ഫോൺ -32 എണ്ണം, ത്രാസ് -5 എണ്ണം, ട്രമഡോൾ -24.25 ഗ്രാം, നൈട്രോസെഫാം ടാബ് -47.22 ഗ്രാം, നിരവധി കഞ്ചാവ് ബീഡികൾ എന്നിങ്ങനെയാണ് പിടി കൂടിയത്. കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സതീശന്റെ മേൽനോട്ടത്തിൽ ജില്ലയിലാകെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ പിടികൂടിയത്.
