ആറളംഫാമിലെ കാട്ടാനശല്യം; ഏഴുമാസത്തിനിടെ നശിപ്പിച്ചത് 25.17 കോടിയുടെ കാർഷികവിളകൾ
ഇരിട്ടി : ആറളംഫാമിൽ ഈ വർഷം ജനുവരി മുതൽ ജൂലായ് വരെ 25.17 കോടിയുടെ കാർഷികവിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഫാം നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരം. ഇതുവരെ 97.7 കോടിയുടെ കൃഷിനാശം കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും ഫാമിന് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 180 തെങ്ങുകളാണ് കാട്ടാനക്കൂട്ടം കുത്തിവീഴ്ത്തിയത്. ഒരോദിവസവും പത്തും പതിനഞ്ചുംവീതം തെങ്ങുകളാണ് ഇല്ലാതാക്കുന്നത്. ഇതുവരെ 5000-ത്തിൽ അധികം നശിപ്പിച്ചു. ഫാമിലെ തെങ്ങുകൃഷിയിലെ മൂന്നിൽ രണ്ട് ഭാഗവും ആനക്കൂട്ടം ഇല്ലാതാക്കി. കാപ്പി, കൊക്കോ, കരുമുളക്, കവുങ്ങ് എന്നിവ ഫാമിൽനിന്നും അന്യംനിന്നുപോയ കാർഷിക വിളകളായി മാറി. ഈ വർഷം ജനുവരിയിൽ 2.32 കോടിയുടെ നഷ്ടവും ഫെബ്രുവരിയിൽ 1.71 കോടിയുടേയും മാർച്ചിൽ 3.83 കോടിയുടേയും നഷ്ടം ഉണ്ടായി. ഏപ്രിൽ മാസം 6.96 കോടിയുടേയും മേയിൽ 3.24 കോടിയുടെ കാർഷികവിളകളും നശിപ്പിച്ചു. ജൂലായ് മാസം മാത്രം ഏഴുകോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. ജൂണിൽ മാത്രമാണ് നഷ്ടം ലക്ഷത്തിൽ ഒതുങ്ങിയത്. 5.49 ലക്ഷം രൂപയുടെ കൃഷിനാശമേ ഉണ്ടായുള്ളൂ. ഫാമിന്റെ ഒന്ന്, രണ്ട് ബ്ലോക്കുകളിൽനിന്നാണ് തെങ്ങുകൾ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. മോഴയാനയും മറ്റ് മൂന്ന് ആനകളും ചേർന്നാണ് തെങ്ങുകൾ വ്യാപകമായി കുത്തിവീഴ്ത്തുന്നത്. ആയിരക്കണക്കിന് റബറും കശുമാവും ഇതോടൊപ്പം ഇല്ലാതാക്കി. ഫാമിനെ പൂർണമായും തരിശാക്കുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.
ഫലം കാണാതെ ഓപ്പറേഷൻ ഗജമുക്തി
വനംവകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കിയ ‘ഓപ്പറേഷൻ ഗജമുക്തി’ ഫലം കണ്ടില്ലെന്നതിന്റെ നേർക്കാഴ്ചയാണ് ഫാമിലെ ഇപ്പോഴത്തെ അവസ്ഥ. 30-ൽ അധികം ആനകളെ വനത്തിലേക്ക് തുരത്തിയെന്ന് വനംവകുപ്പ് അവകാശപ്പെട്ടിരുന്നു. തുരത്തിയ ആനകൾ അതിലും വേഗത്തിൽ ഫാമിലേക്ക് തിച്ചുകയറി. ഗജമുക്തിയിലുടെ തുരത്തിയ ആനകൾ തിരിച്ചെത്തി ഓപ്പറേഷൻ കൃഷിമുക്തി നടപ്പാക്കുന്ന കാഴ്ചയാണ് 3500-ഓളം ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന ഫാമിന്റെ ഏതുഭാഗത്ത് പോയാലും കാണാൻ കഴിയുന്നത്. ചെറിയ ചുറ്റളവിൽ തന്നെ എട്ടും പത്തും തെങ്ങുകളാണ് കുത്തി വീഴ്ത്തിയത്. കൃഷിബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ തെങ്ങുകൾ വീണ് വഴിയടഞ്ഞിരിക്കുകയാണ്. പുതിയ വിളകൾ ഒന്നും ഇറക്കാൻ പറ്റുന്നില്ലെന്ന് മാത്രമല്ല, ഉള്ളവ സംരക്ഷിക്കാനും കഴിയാത്ത അവസ്ഥയാണ്. ഓരോ മൂന്നുമാസത്തേയും നഷ്ടങ്ങളുടെ കണക്ക് കൃത്യമായി കണക്കാക്കി വനംവകുപ്പിന് കൈമാറുന്നുണ്ടെങ്കിലും ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി ഫാമിന് വനംവകുപ്പ് നൽകിയിട്ടുമില്ല. 40-ൽ അധികം ആനകൾ ഇപ്പോഴും ഫാമിന്റെ കൃഷിയിടത്തിലും മറ്റുമായി ചുററിത്തിരിയുന്നു. ആനമതിലിന്റെ നിർമാണവും അനിശ്ചിതത്വത്തിലാണ്.
