പനങ്കുരുവിന് വിപണി തെളിയുന്നു
ആറളം: ആളൊഴിഞ്ഞ പറമ്പുകളിലും നാട്ടുവഴികളിലും ചിതറിക്കിടക്കുന്ന പനങ്കുരുവിന് വിപണി തെളിയുന്നു. കള്ളുചെത്ത് കുറഞ്ഞതോടെ പനയും ആർക്കും വേണ്ടാതെ വീണുകിടക്കുന്ന പനങ്കുരുവും നോക്കി നിരാശപ്പെട്ടിരുന്ന കർഷകർക്ക് ഇത് പ്രതീക്ഷയാവുകയാണ്.
പച്ചക്കുരുവിന് കിലോക്ക് 15 രൂപയും ഉണങ്ങിയത് ഒന്നാംതരത്തിന് 90 രൂപയും രണ്ടാംതരത്തിന് 25 രൂപയും പരിപ്പിന് 60 രൂപയുമാണ് കർഷകന് ലഭിക്കുന്നത്. പനങ്കുരുവിന് പൊതുവിപണിയില്ലാത്തതിനാൽ ഏജന്റുമാരാണ് വില നിശ്ചയിക്കുന്നത്. സംസ്കരിച്ചെടുത്താൽ കിലോക്ക് 50 രൂപ കിട്ടിയാൽപ്പോലും ഒരു കുലയിൽനിന്ന് 2000 രൂപ മുതൽ കർഷകന് ലഭിക്കും.
വിപണി
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി പനങ്കുരു പാകമാകുന്നത്. ആനത്തീറ്റക്കായി വിൽക്കുന്ന ഒരു പട്ടക്ക് 20 രൂപയാണ് ലഭിക്കുന്നത്. പനങ്കുലയിലുണ്ടായ പഴുത്ത കായകൾ മരപ്പട്ടി, വെരുക് എന്നിവയുടെ ഇഷ്ടഭക്ഷണമാണ്. ഇവയുടെ വിസർജ്യങ്ങളിൽനിന്നാണ് നാട്ടുവഴികളിലേക്ക് പനങ്കുരു എത്തുന്നത്. പനയുടെ തടി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ ഭൂരിഭാഗം പനകളും പാകമാകുമ്പോൾ മുറിച്ചുവിൽക്കാറാണ് പതിവ്.
ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും കർണാടകയിലേക്കുമാണ് പ്രധാനമായും പനങ്കുരു കയറ്റിപ്പോകുന്നത്. അടക്ക പാട്ടത്തിനെടുത്തിരുന്ന കച്ചവടക്കാരാണ് പനങ്കുരു വിപണിയും സജീവമാക്കുന്നത്. പെയിന്റ്, പശ നിർമാണം, പാൻമസാലകൾ, സുഗന്ധമുറുക്ക് എന്നിവക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പനയിൽ കയറി കുലകൾ വെട്ടിയിറക്കുന്ന വിദഗ്‌ധ തൊഴിലാളികളെ കിട്ടാത്തതു മാത്രമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. മലയോര മേഖലകളിൽ കൃഷിയിടങ്ങളിൽ നൂറുകണക്കിന് പനകൾ കുലകൾ വെട്ടിയിറക്കാതെയുണ്ട്. വിപണി തെളിഞ്ഞതോടെ ഇനി അവ കർഷകർക്ക് വരുമാനത്തിനുള്ള വഴിതെളിക്കും.
