വർഷങ്ങൾ കഴിഞ്ഞിട്ടും നിയമനാംഗീകാരം ലഭിക്കാതെ നിരവധി അധ്യാപകർ
കണ്ണൂർ: സംസ്ഥാനത്താകെ നിയമനാംഗീകാരം ലഭിക്കാതെ 16000ത്തിന് മുകളിൽ അധ്യാപകർ. ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവുകളിലെ അപാകതയാണ് സ്കൂളുകളിൽ നിയമനം നേടിയവരുടെ തസ്തിക അംഗീകരിക്കാതിരിക്കാൻ കാരണമായത്. വൻ തുക നൽകി എയ്ഡഡ് സ്കൂളുകളിൽ ചേർന്ന പലർക്കും നിയമനം അംഗീകരിച്ചു നൽകിയിട്ടില്ല. അതിനാൽ ശമ്പളവുമില്ല. ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരും ഏറെയുണ്ട്.ഭിന്നശേഷി സംവരണം, സംരക്ഷിത അധ്യാപക നിയമനം എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് നിയമനാംഗീകാരം നിഷേധിക്കുന്നത്. 2018നു മുമ്പ് നിയമനം നേടിയവർക്ക് കൃത്യമായ ശമ്പളമുണ്ട്. അതിനു ശേഷം വന്നവർ താൽക്കാലിക ശമ്പളക്കാരാണ്. 2021ന് ശേഷം നിയമനം നേടിയവർ ദിവസ വേതനക്കാരാണ്. ഇതിനെല്ലാം പുറമെ നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളമൊന്നുമില്ലാതെ ജോലി ചെയ്യുന്നവരുമുണ്ട്. സംരക്ഷിത അധ്യാപകരെ നിയമിക്കേണ്ടത് അധ്യാപക ബാങ്കിൽ നിന്നാണ്.ഭിന്നശേഷി നിയമനം നടത്തേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. എന്നാൽ, ജില്ലയിലടക്കം അധ്യാപക ബാങ്കിൽ സംരക്ഷിത അധ്യാപകർ നിലവിലില്ലെന്നതാണ് വിവരം. അതുപോലെ തന്നെ പൂർണയോഗ്യത നേടിയ നിയമനം കാത്തുനിൽക്കുന്ന എത്ര ഭിന്നശേഷിക്കാരുണ്ടെന്ന കണക്കും വ്യക്തമല്ല. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടിയ അധ്യാപകർ അംഗീകാരം ലഭിക്കാതെ ദുരിതത്തിലായത്.ഒരുസ്കൂളിൽ തന്നെ മറ്റെല്ലാ അധ്യാപകരും ശമ്പളം വാങ്ങി ജോലി ചെയ്യുമ്പോഴാണ് ശമ്പളമില്ലാതെ ചിലർ പഠിപ്പിക്കേണ്ടി വരുന്നത്. വ്യവസ്ഥാപിത ഒഴിവുകളിൽ നിയമനം നേടിയിട്ടും അംഗീകാരം നിഷേധിക്കുന്നത് എന്തിനാന്നെന്നാണ് നോൺ അപ്രൂവൽ ടീച്ചേഴ്സ് യുനിയൻ ഭാരവാഹികൾ ചോദിക്കുന്നത്.
സമരം തുടങ്ങുമെന്ന് പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ
ഭിന്നശേഷി നിയമനത്തിന്റെ പേരിലും മറ്റും അധ്യാപക നിയമനം അംഗീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമരം തുടങ്ങുമെന്ന് പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നവംബർ 10ന് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. മുന്നോടിയായി ഒക്ടോബർ 20ന് രാവിലെ 10ന് ബ്രോഡ് ബീൻ ഓഡിറ്റോറിയത്തിൽ പഠനക്ലാസ് നടത്തും. എയ്ഡഡ് സ്കൂൾ അധ്യാപകരും മറ്റു ജീവനക്കാരും അനുഭവിക്കുന്ന നിയമനാഗീകാരം സംബന്ധിച്ച പ്രയാസങ്ങൾക്കുനേരെ സംസ്ഥാന സർക്കാർ കണ്ണടക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ദിനേശൻ മഠത്തിൽ, കെ.വി. സത്യനാഥൻ, കെ. പ്രസീത് കുമാർ, സി.പി. ബീരാൻകുട്ടി, കെ.പി. സതീശൻ എന്നിവർ പങ്കെടുത്തു.
